
ഒക്‌ലഹോമ : ഹെയ്തിയുടെ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒക്‌ലഹോമ ആസ്ഥാനമായുള്ള മിഷനറി ഗ്രൂപ്പിലെ മൂന്ന് പേരെ വ്യാഴാഴ്ച രാത്രി ഗുണ്ടാസംഘങ്ങൾ ആക്രമിച്ചു കൊലപ്പെടുത്തി . നതാലി ലോയ്ഡ് (21), 23 വയസ്സുള്ള ഭർത്താവ് ഡേവിഡ്, 20 വയസ്സുള്ള ഹെയ്തിയക്കാരൻ ജൂഡ് മോണ്ടിസ് എന്നിവർ പള്ളിയിൽ നിന്ന് പുറത്തുപോകുമ്പോൾ തോക്കുധാരികൾ ആക്രമിക്കുകയായിരുന്നു. നതാലിയുടെ പിതാവും മിസോറി സ്റ്റേറ്റ് സെനറ്ററുമായ ബെൻ ബേക്കറാണ് ദമ്പതികളുടെ മരണം ഫേസ്ബുക്കിൽ സ്ഥിരീകരിച്ചത്.
“ഇന്ന് വൈകുന്നേരം അവരെ ഗുണ്ടാസംഘങ്ങൾ ആക്രമിച്ചു, ഇരുവരും കൊല്ലപ്പെട്ടു,അവർ ഒരുമിച്ച് സ്വർഗത്തിലേക്ക് പോയി.” അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. 2022 ലാണ് ദമ്പതികൾ വിവാഹിതരായത്.
മൂന്ന് വാഹനങ്ങളിലെത്തിയ തോക്കുധാരികളുടെ ആക്രമണം തടങ്ങിയത്. മറ്റൊരു സംഘം എത്തുകയും ഒരു സംഘാംഗം വെടിയേറ്റ് മരിക്കുകയും ചെയ്തു. ഇവരെ ഭയന്ന് മൂന്ന് മിഷനറിമാരും ഒരു വീട്ടിൽ കയറി. എന്നാൽ സംഘം അവരെ ആക്രമിച്ചു. വീടും തകർത്തു. മൂന്ന് മണിക്കൂറിന് ശേഷം മൂവരും മരിച്ചതായി ഹെയ്തിയിലെ മിഷനുകൾ സ്ഥിരീകരിച്ചു.
“അവരുടെ വേർപാടിൽ ഞങ്ങൾ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു, ഉചിതമായ എല്ലാ കോൺസുലാർ സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്.” സ്റ്റേറ്റ് വക്താവ് അറിയിച്ചു. മിസോറി ഗവർണർ മൈക്ക് പാർസൺ മരണത്തെ “തീർത്തും ഹൃദയഭേദകമായ വാർത്ത” എന്ന് വിശേഷിപ്പിച്ചു.
രാഷ്ട്രത്തെ സ്ഥിരപ്പെടുത്താൻ കെനിയൻ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സേനയെ വേഗത്തിൽ വിന്യസിക്കണമെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച ആഹ്വാനം ചെയ്തു. “ഹെയ്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ കാത്തിരിക്കാനാവില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സങ്കൽപ്പിക്കാനാവാത്ത ദുഃഖം അനുഭവിക്കുന്നതിനാൽ ഞങ്ങളുടെ ഹൃദയം അവർക്കായി കേഴുന്നു,” വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
വാർത്ത- പി പി ചെറിയാൻ















