
മിനസോട്ട: സ്വയരക്ഷയ്ക്കായി പൊതുസ്ഥലത്ത് കൈത്തോക്ക് കൈവശം വയ്ക്കാനുള്ള പെര്‍മിറ്റ് ലഭിക്കാന്‍ കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണമെന്ന മിനസോട്ട നിയമത്തിന് തിരിച്ചടി. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി ചൊവ്വാഴ്ച വിധിച്ചു.
സെന്റ് ലൂയിസ് ആസ്ഥാനമായുള്ള എട്ടാം യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് 18നും 20നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പൊതു സ്ഥലത്ത് സ്വയം പ്രതിരോധത്തിനായി ആയുധം കയ്യില്‍ വെക്കുന്നതില്‍ നിയമ തടസമില്ലെന്ന് ചൂണ്ടിക്കാട്ടിയത്.
മൂന്ന് ജഡ്ജിമാരുടെ പാനലിന് വേണ്ടി യു.എസ് സര്‍ക്യൂട്ട് ജഡ്ജി ഡ്യുവന്‍ ബെന്റണാണ് മിനസോട്ടയുടെ 2003 ലെ നിയമം സാധുതയുള്ളതായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. 2022ല്‍ തോക്ക് അവകാശം വിപുലീകരിച്ച യു.എസ് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനവും, ഗാര്‍ഹിക പീഡനത്തിന് ഇരയായവരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള ഫെഡറല്‍ തോക്ക് നിയന്ത്രണ നിയമവും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ കോടതി വിധി.















