
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന വിദേശ വിദ്യാഭ്യാസ കേന്ദ്രമായി മാറുന്നതില്‍ അമേരിക്ക എന്നും മുന്നിലാണ്. ഈ ആകര്‍ഷണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്റ്റുഡന്റ് വിസ അപേക്ഷകളിലെ വര്‍ദ്ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ വര്‍ദ്ധനവുണ്ടാകുമെന്നുതന്നെയാണ് ഇന്ത്യയിലെ യുഎസ് എംബസിയുടെ കണക്കുകൂട്ടല്‍. ഇതില്‍ പ്രകാരം, അഭിമുഖത്തിനായി എത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുഎസ് എംബസി.

അഭിമുഖത്തിനായി എത്തുന്നവര്‍ വ്യാജ രേഖകള്‍ കൊണ്ടുവരുന്നതിനെതിരെ കര്‍ശന നിര്‍ദേശമാണ് യുഎസ് എംബസി നല്‍കുന്നത്. ”വിദ്യാര്‍ത്ഥി വിസ അപേക്ഷകരോടുള്ള ഞങ്ങളുടെ ഉപദേശം അഭിമുഖത്തെ ഒരു സംഭാഷണമായി പരിഗണിക്കുക എന്നതാണ്. നിങ്ങളുടെ സ്വന്തം വാക്കുകളില്‍ യഥാര്‍ത്ഥ ഉത്തരങ്ങള്‍ നല്‍കുക, നിങ്ങളുടെ അഭിമുഖത്തില്‍ ഒരിക്കലും വ്യാജ രേഖ കൊണ്ടുവരരുത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്‌കൂള്‍ കണ്ടെത്തുന്നതിനും അഡ്മിഷന്‍, വിസ പ്രക്രിയകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നേടുന്നതിനും എജ്യുക്കേഷന്‍ യുഎസ്എയുടെ സൗജന്യ ഉപദേശക സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു” എന്ന് യുഎസ് എംബസി ആക്ടിംഗ് വക്താവ് നിക്കോള്‍ ഹോളര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
2023ല്‍, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ഉയര്‍ന്ന റെക്കോര്‍ഡ് സ്റ്റുഡന്റ് വിസകള്‍ തങ്ങള്‍ നല്‍കിയെന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയെയാണ് ഇഷ്ടപ്പെടുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അമേരിക്ക നല്‍കുന്ന മികച്ച സൗകര്യങ്ങളും ഫാക്കല്‍റ്റിയും, തൊഴില്‍ വിപണിയില്‍ വിലയുള്ള യുഎസ് ബിരുദവും അടക്കമുള്ളവ ഇതിനു കാരണമായി ഹോളര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2023ല്‍ 1,40,000 സ്റ്റുഡന്റ് വിസകളാണ് അനുവദിച്ചത്.
വാര്‍ഷിക ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം ഉയര്‍ന്ന് 2,68,923 എന്ന റെക്കോര്‍ഡിലെത്തി. അമേരിക്കന്‍ ഐക്യനാടുകളിലെ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 25 ശതമാനത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.

മിക്ക ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ടെക്‌സസ്, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, മസാച്യുസെറ്റ്‌സ്, ഇല്ലിനോയിസ് എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലാണ് ഉപരിപഠനത്തിനെത്തുന്നത്. ഗണിതശാസ്ത്രം, കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാനേജ്മെന്റ് എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ താത്പര്യമുള്ള വിഷയങ്ങളില്‍ മുന്‍പന്തിയില്‍.