
മുഖത്ത് കറുത്ത പെയിന്റ് അടിച്ച് വംശീയ അധിക്ഷേപം നടത്തിയെന്നാരോപിച്ച് സ്‌കൂളിൽ നിന്ന് പുറത്താക്കിയ യുഎസിലെ രണ്ട് കൗമാരക്കാരായ ആൺകുട്ടികൾക്ക്, അത് ഫേസ് മാസ്ക് മാത്രമാണെന്ന് തെളിയിച്ചതിനെ തുടർന്ന് 1 മില്യൺ ഡോളർ വീതം പാരിതോഷികം ലഭിച്ചു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ രണ്ട് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും കാലിഫോർണിയയിലെ സെൻ്റ് ഫ്രാൻസിസ് ഹൈസ്‌കൂളിനെതിരെ പരാതി നൽകി. 2017 ൽ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങാൻ പോയപ്പോൾ കുട്ടികൾ ചെയ്തൊരു കാര്യമാണ് പിന്നീട് സംഭവബഹുലമായ പലതിനും ഇടയാക്കിയത്. ഫേസ് മാസ്ക് ധരിച്ചതിന് ശേഷം ഇവർ ഫോട്ടോ എടുത്തു. മുഖത്ത് ധാരാളം മുഖക്കുരുവുള്ള കൂട്ടുകാരനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇരുവരും മാസ്ക് ധരിച്ചത്.
മൂവരുടെയും സെൽഫി 2020-ൽ വൈറലാകുകയും പലരും അതിനെ വംശീയ അധിക്ഷേപമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, സാന്താ ക്ലാര കൗണ്ടി ജൂറി, സ്കൂൾ വാക്കാലുള്ള കരാർ ലംഘിച്ചുവെന്നും കുട്ടികളെ നിർബന്ധപൂർവ്വം സ്കൂളിൽ നിന്നും പുറത്താക്കിയെന്നും കണ്ടെത്തി. രണ്ട് വിദ്യാർത്ഥികൾക്ക് ജൂറി നഷ്ടപരിഹാരം നൽകി.
“ഈ കേസ് ഞങ്ങളുടെ ക്ലയൻ്റുകൾക്ക് മാത്രമല്ല, കാലിഫോർണിയയിലെ എല്ലാ സ്വകാര്യ ഹൈസ്‌കൂളുകളിലെയും ഇത്തരം നടപടികൾ കണക്കിലെടുക്കുമ്പോൾ, പ്രാധാന്യമർഹിക്കുന്നു. ശിക്ഷിക്കുന്നതിനും പുറത്താക്കുന്നതിനും മുമ്പ് ന്യായമായ നടപടിക്രമങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്,” അഭിഭാഷകരിൽ ഒരാളായ ക്രിസ്റ്റ ബൗഗ്മാൻ പറഞ്ഞു.
“സെൻ്റ് ഫ്രാൻസിസ് ഹൈസ്‌കൂളിൻ്റെ നടപടിക്രമങ്ങൾ ഞങ്ങളുടെ ക്ലയൻ്റുകളോട് അന്യായമാണ് കാണിച്ചതെന്നും സ്കൂൾ, നിയമത്തിന് അതീതമല്ലെന്നും ജൂറി വിലയിരുത്തുന്നു,” മിസ് ബൗഗ്മാൻ കൂട്ടിച്ചേർത്തു.