യുഎസ് വൈസ് പ്രസിഡൻ്റ് സംവാദം: ആക്രമണങ്ങൾ മുഴുവൻ കമലയ്ക്കും ട്രംപിനും നേരെ: കുടിയേറ്റം, ഗർഭച്ഛിദ്രം, ഇക്കണോമി എന്നിവ ചർച്ചയായി

വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളായ ടിം വാൾസും ജെഡി വാൻസും ചൊവ്വാഴ്ച സംവാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ചർച്ചയായത് അമേരിക്കൻ ജനതയെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങൾ. സാധാരണ ട്രംപ് നടത്തുന്നതുപോലുള്ള ആക്ഷേപങ്ങളോ ആക്ഷേപ ഹാസ്യങ്ങളോ സംവാദത്തിൻ്റെ ഗതിയെ തിരിച്ചുവിട്ടില്ല. തികച്ചും പ്രഫഷണലായ രണ്ട് വ്യക്തികൾ അവരുടെ പാർട്ടിയുടെ നയങ്ങളും തീരുമാനങ്ങളും അജൻഡകളും അമേരിക്കൻ വോട്ടർമാരുടെ മുമ്പിൽ വളരെ വ്യക്തമായും ശക്തമായും അവതരിപ്പിച്ചു. മോഡറേറ്റർമാരുടെ കുടുക്കുന്ന ചേദ്യങ്ങൾക്ക് മുന്നിൽ ഇരുവരും വിവാദപരമായേക്കാവുന്ന ഉത്തരങ്ങൾ തന്ത്രപൂർവം ഒഴിവാക്കി.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ വാൻസ് സംവാദത്തിലുടനീളം കമലാ ഹാരിസിനെ അതി രൂക്ഷമായി വിമർശിച്ചുകൊണ്ടിരുന്നു. ടിം വാൾസ് ആക്രമിച്ചത് തൻ്റെ തൊട്ടടുത്തു നിൽക്കുന്ന എതിരാളിയായ വാൻസിനെ അല്ല ട്രംപിനെയാണ്.

തിരഞ്ഞെടുപ്പിന് 5 ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇരു പാർട്ടികൾക്കും ഈ ചർച്ച വലിയ പ്രചാരണ ആയുധമാവുകയായിരുന്നു. ഇസ്രയേൽ – ഇറാൻ സംഘർഷം മുതൽ ഹെലീൻ ചുഴലിക്കാറ്റ് വരെ സംവാദത്തിൽ വിഷയങ്ങളായി. രാഷ്ട്രീയത്തിൽ പൊതുവെ പുതുമുഖങ്ങളായ വാൾസും വാൻസും അവരുടെ പ്രവർത്തന മികവ് ജനത്തിനു മുന്നിൽ അവതരിപ്പിക്കാൻ കൂടി ഈ അവസരം വിനിയോഗിച്ചു.

യുഎസ്-മെക്‌സിക്കോ അതിർത്തിയിൽ മുഴുവൻ മതിൽ നിർമിക്കുമെന്ന തൻ്റെ പ്രതിജ്ഞ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് വാൾസ് ട്രംപിനെ രൂക്ഷമായി വിമർശിച്ചു.“ആ മതിലിൻ്റെ 2% ൽ താഴെ മാത്രമാണ് നിർമ്മിച്ചത്, മെക്സിക്കോ ഒരു രൂപ പോലും നൽകിയില്ല,” വാൾസ് പറഞ്ഞു. കുടിയേറ്റം സബന്ധിച്ച് വാദം മുറുകിയപ്പോൾ വാൻസ് പറഞ്ഞു. കുടിയേറ്റ പ്രശ്നം പരിഹരിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടാകാം, പക്ഷേ കമല ഹാരിസിന് അതിൽ താൽപര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല –

ഡെമോക്രാറ്റുകളുടെ ദുർബലമായ മേഖലയായി കരുതപ്പെടുന്ന അതിർത്തി – കുടിയേറ്റ പ്രശ്നങ്ങളിലേക്ക് വാൻസ് നിരന്തരം പരാമർശങ്ങൾ നടത്തുകയും ചർച്ച അവിടെ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഫാക്ട് ചെക്കിങ്ങിനിടെ മോഡറേറ്റർമാരുമായി തർക്കിച്ചുകൊണ്ടിരിക്കെ വാൻസിൻ്റെ മൈക്ക് മ്യൂട്ട് ചെയ്യുകയുണ്ടായി.

2024-ലെ തെരഞ്ഞെടുപ്പിലെ ഒരു പ്രധാന വിഷയമായ ഗർഭച്ഛിദ്രാവകാശം ചൂടേറിയ വാഗ്വാദത്തിനു കാരണായി . ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഓരോ സംസ്ഥാനങ്ങൾക്ക് അവകാശം വിട്ടുകൊടുക്കണമെന്ന് വാൻസ് മോഡറേറ്റർമാരോട് പറഞ്ഞു. അതേസമയം ഗർഭച്ഛിദ്രത്തിനുള്ള ഫെഡറൽ അവകാശം പുനഃസ്ഥാപിക്കണമെന്ന് വാൾസ് പറഞ്ഞു. ഒരു സ്ത്രീയുടെ അടിസ്ഥാന അവകാശം ഒരു സ്ഥലത്തിന്റെ ഭൂമിശാസ്ത്രംകൊണ്ട് തീരുമാനിക്കപ്പെടേണ്ടതല്ല എന്ന് വാൾസ് വ്യക്തമാക്കി. സ്വന്തം ശരീരത്തെയും പ്രത്യൽപാദത്തെയും കുറിച്ച് തീരുമാനമെടുക്കാൻ സ്ത്രീക്കാണ് അവകാശമെന്ന് വാൾസ് ആവർത്തിച്ച് വ്യക്തമാക്കി. കൃത്യമായ സമയത്ത് ഡി ആൻഡ് സി ചെയ്യാത്തതിനാൽ അണുബാധയേറ്റ് മരണപ്പെട്ട ആംബർ തർമൻ്റെ മരണത്തെ പരാമർശിച്ചുകൊണ്ട് വാൾസ് പ്രശ്നം വ്യക്തിഗതമാക്കാൻ ശ്രമിച്ചു.

എന്നാ ട്രംപ് വന്നാൽ സ്ത്രീകൾക്ക് മികച്ച സാമ്പത്തിക അവസ്ഥയുണ്ടാകുമെന്നും പിന്നെ ഗർഭച്ഛിദ്രത്തെ കുറിച്ച് ആലോചിക്കേണ്ടി വരില്ല എന്നുമായിരുന്നു വാൻസിൻ്റെ വാദം. എന്നാൽ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കുമ്പോൾ തന്നെ ഗർഭച്ഛിദ്രം സംബന്ധിച്ച് സ്ത്രീകൾക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന സാമൂഹിക പരിസരമാണ് വാൾസ് വാഗ്ദാനം ചെയ്തത്.

രണ്ട് സ്ഥാനാർത്ഥികളെയും അവർ മുമ്പ് ഉന്നയിച്ച വിവാദപരമായ അവകാശവാദങ്ങളെക്കുറിച്ച് വിശദീകരിക്കാൻ നിർബന്ധിതരായി. . 1989 ജൂണിൽ ബെയ്ജിംഗിൽ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊല നടക്കുമ്പോൾ താൻ ഹോങ്കോങ്ങിൽ ഉണ്ടായിരുന്നു എന്ന പ്രസ്താവനകളെക്കുറിച്ച് വാൾസിനോട് ചോദിച്ചു. തൻ്റെ യാത്രയുടെ സമയത്തെക്കുറിച്ച് തനിക്കൊരു നാവുപിഴ പറ്റിയതായി മിനസോട്ട ഗവർണർ ടിം വാൾസ് സമ്മതിച്ചു.

ട്രംപിനെതിരായ മുൻ ആക്രമണങ്ങളെക്കുറിച്ച് വാൻസിനോട് ചോദിച്ചു. ട്രംപിനെ ഹിറ്റ്‌ലറിനോട് ഉപമിച്ച തൻ്റെ മുൻ വിമർശനം തെറ്റായിപ്പോയെന്ന് വാൻസ് മറുപടി പറഞ്ഞു.

US VP Debate Focus On Attacking Kamala And Trump

Also Read

More Stories from this section

family-dental
witywide