
വാഷിംഗ്ടണ്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുകയാണ് ഇറാനും ഹിസ്ബുള്ളയും. ആക്രമണം നേരിടാന്‍ അമേരിക്കയുടെ സഹായത്തോടെ ഇസ്രയേല്‍ തയ്യാറെടുക്കുന്നുമുണ്ട്.
അതിനിടെ ഇറാനെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമവും അമേരിക്കയുടെ ഉള്‍പ്പെടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്. ആക്രമണം നടത്തിയാല്‍ ഇറാന്‍ ‘വിനാശകരമായ’ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്. ഗാസ വെടിനിര്‍ത്തല്‍ ഉടമ്പടിയില്‍ നിന്നും പിന്മാറിയേക്കുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി.
ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയയെ ടെഹ്റാനില്‍ വെച്ച് ജൂലൈ 31 നാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ലെങ്കിലും പ്രതിക്കൂട്ടില്‍ ഇസ്രയേല്‍ തന്നെയെന്ന് ഇറാന്‍ തറപ്പിച്ചു പറയുന്നു.
ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കുകയാണെങ്കില്‍ ചെറുത്തുനില്‍ക്കാനും പ്രത്യാക്രമണത്തിനും യുഎസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഇസ്രയേലിനെ സഹായിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. ഇറാനില്‍ നിന്നുള്ള ഏത് ആക്രമണത്തിനെതിരെയും ഇസ്രായേലിനെ പ്രതിരോധിക്കാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.














