ഏക സിവിൽ കോഡ് പാസാക്കി ഉത്തരാഖണ്ഡ്; യുസിസി പാസാക്കുന്ന ആദ്യ സംസ്ഥാനം

ഡെറാഡൂൺ: യൂണിഫോം സിവിൽ കോഡ് (യുസിസി) ബിൽ പാസാക്കിയ ആദ്യ സംസ്ഥാനമായി ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ് ഇന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു.

“രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ ഞങ്ങള്‍ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബില്‍ പാസാക്കുന്നത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബില്‍ പാസാക്കാനും അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എല്‍.എമാരോടും നന്ദി പറയുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും യുസിസിയുടെ കാര്യത്തിൽ ഉത്തരാഖണ്ഡിന്റെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ യുസിസി ബിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രാജസ്ഥാൻ പറഞ്ഞു. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു യുസിസി നടപ്പാക്കുമെന്നത്.

വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്ക് ഒരുനിയമം ബാധകമാക്കുന്നതാണ് ബില്‍. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലംമുതല്‍ ഗോവയില്‍ ഏകസിവില്‍കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത് ആദ്യമാണ്.