വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് കുരുക്ക് മാറുന്നില്ല, വീണ്ടും അന്വേഷണം

വടകര മണ്ഡലത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവും സ്കൂള്‍ അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം. നേരത്തെ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വ്യക്തതയില്ലാത്ത റിപ്പോര്‍ട്ട് നല്‍കിയ എഇഒയെ തന്നെയാണ് വീണ്ടും അന്വേഷണത്തിന് നിയോഗിച്ചത്. നാളെ പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന് എഇഒ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫിലിന്‍റെ പരാതിയെ തുടര്‍ന്നാണ് നേരത്തെ തോടന്നൂര്‍ എഇഒയെ അന്വേഷണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയത്. ആറങ്ങോട്ട് എംഎൽപി സ്കൂൾ അധ്യാപകനായ റിബേഷ് സിപിഎം അധ്യാപക സംഘടനാ നേതാവ് കൂടിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ചുവയുള്ള സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് വാട്സാപ് ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തത് റിബേഷ് ആണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു.

റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിനു ലഭിച്ചിരിക്കുന്ന പരാതി. അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആണ് റിബേഷ്. സ്കൂൾ അധ്യാപകൻ രാഷ്ട്രീയ യുവജന സംഘടനാ ഭാരവാഹിത്വം വഹിക്കുന്നത് ചട്ടവിരുദ്ധമാണെന്നും പരാതിയുണ്ട്.

More Stories from this section

family-dental
witywide