
തിരുവനന്തപുരം: മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്, 65) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം നാളെ 4.30 മുതൽ 5.30 വരെ പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വട്ടിയൂർക്കാവ് തോപ്പുമുക്കിലെ വീട്ടിലെത്തിക്കും. ശനിയാഴ്‌ച രാവിലെ 11ന് വട്ടിയൂർക്കാവ് സെന്റ് ഫ്രാൻസിസ് സാലസ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം മലമുകൾ സെമിത്തേരിയിൽ സംസ്കരിക്കും. എടത്വ പച്ച-ചെക്കിടിക്കാട് കരിക്കംപള്ളി നന്നാട്ടുമാലിൽ പരേതരായ പി.സി. തോമസ്- കാട്ടാമ്പള്ളിൽ ഗ്രേസിക്കുട്ടി ദമ്പതികളുടെ മകനാണ്
രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ, ഇടുക്കി തങ്കമണിയിലെ പോലീസ് അതിക്രമം പുറംലോകത്തെ അറിയിച്ചത് സിബി കാട്ടാമ്പള്ളിയുടെ റിപ്പോർട്ടാണ്. സ്റ്റേറ്റ്സ്മാൻ അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടി. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഭാര്യ: കൊച്ചു റാണി ജോർജ് (മുൻ അധ്യാപിക, നിർമല ഭവൻ സ്‌കൂൾ, തിരുവനന്തപുരം). മക്കൾ: അമ്മു (അസി. പ്രഫസർ, ക്വീൻസ് യൂണിവേഴ്‌സിറ്റി ബെൽഫെസ്റ്റ്, യുകെ), തോമസ് (സീനിയർ അസോഷ്യേറ്റ്, ബെയിൻ ആൻഡ് കമ്പനി, ഡൽഹി). മരുമകൻ: അരുൺ പുളിക്കൻ (ഡിസൈൻ മാനേജർ, ലെവിസ്റ്റോക്ക്, സിംഗപൂർ).













