ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ എൻജിനിൽ തീപ്പിടിത്തം; എയർ കാനഡ വിമാനം ഒഴിവായത് വൻ ദുരന്തത്തിൽ നിന്ന്

ന്യൂഡൽഹി: 389 യാത്രക്കാരും 13 ജീവനക്കാരുമായി പാരീസിലേക്ക് പുറപ്പെട്ട എയർ കാനഡയുടെ ബോയിങ് 777 വൈഡ് ബോഡി വിമാനം ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം തീപിടിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം വന്‍ അപകടം ഒഴിവായി.

വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുമ്പോള്‍, വിമാനത്തിന്റെ വലത് എന്‍ജിനില്‍ നിന്ന് സ്‌ഫോടന സാധ്യത തോന്നിപ്പിക്കുന്ന തരത്തില്‍ തീപ്പൊരി ഉണ്ടായത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എ.ടി.സി)യില്‍ കാണുകയും ഉടന്‍ തന്നെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു.

ബഹിരാകാശയാത്രികന്‍ ക്രിസ് ഹാഡ്ഫീല്‍ഡ്, വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും മികച്ച പ്രവര്‍ത്തനമെന്നും അദ്ദേഹം കുറിച്ചു.

വെള്ളിയാഴ്ച, ബോയിംഗ് 777 വൈഡ് ബോഡി വിമാനം 12:17 ന് (ടൊറൻ്റോ സമയം) ടേക്ക് ഓഫ് ചെയ്തു. പറന്നുയർന്നതിന് തൊട്ടുപിന്നാലെ, പുലർച്ചെ 12:39 ന് (ടൊറൻ്റോ സമയം), വിമാനം റൺവേയ്ക്ക് മുകളിലൂടെ ഉയരുന്നതിനിടെ, എയർ ട്രാഫിക് കൺട്രോളർ (എടിസി) വിമാനത്തിൻ്റെ വലത് എഞ്ചിനിൽ നിന്ന് തീപ്പൊരി കാണുകയും ഉടൻ തന്നെ ജീവനക്കാരെ അറിയിക്കുകയും ചെയ്തു.

പുകയും തീയും പടരുന്നതായി എയര്‍ കാനഡ പൈലറ്റുമാര്‍ അറിയിച്ചപ്പോള്‍ വിമാനം നിലത്ത് നിന്ന് 1000 അടി ഉയരത്തിലായിരുന്നു. കംപ്രസര്‍ നിലച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് എയര്‍ കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. വൈകുന്നേരം തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും എയര്‍ കാനഡ അറിയിച്ചു.