
പശ്ചിമേഷ്യയിലെ യുദ്ധം വ്യാപിക്കും എന്ന ആശങ്ക നിലനിൽക്കെ ഇറാൻ ഇസ്രയേലിനു നേരെ മിസൈലുകൾ പായിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു യുഎസ് വൈസ് പ്രസിഡൻ്റ് സംവാദം.
ഇറാനെതിരെയുള്ള ഇസ്രായേൽ ആക്രമണത്തെ പിന്തുണയ്ക്കുമോ എന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വാൾസിനോടായിരുന്നു ആദ്യ ചോദ്യം
ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പരാമർശിച്ചുകൊണ്ടായിരുന്നു വാൾസ് മറുപടി തുടങ്ങിയത്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ അനിശ്ചിതത്വത്തിൻ്റെ ഈ നിമിഷത്തിൽ യുഎസിൽ സുസ്ഥിരമായ നേതൃത്വം വേണം എന്നത് സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സ്ഥിരത നിലനിർത്താൻ ട്രംപ് പരാജയപ്പെട്ടു. ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് ട്രംപ് പിൻമാറിയതിനാൽ മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതിന് ട്രംപ് സംഭാവന നൽകുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്രപരമായി പ്രതികരിക്കുന്നതിനുപകരം പ്രതിസന്ധി ഘട്ടങ്ങളിൽ ട്രംപ് “ട്വീറ്റ്” ചെയ്യുകയാണ് പതിവെന്നും വാൾസ് കുറ്റപ്പെടുത്തി. എന്നാൽ ട്രംപിൻ്റെ കാലത്ത് ലോകത്ത് സമാധാനം നിലനിന്നിരുന്നു എന്നുംയുദ്ധം ഉണ്ടാകാൻ ട്രംപ് അനുവദിച്ചിരുന്നില്ല എന്നും വാൻസ് വാദിച്ചു.
രണ്ടാമത്തെ ചോദ്യം കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചായിരുന്നു
കഴിഞ്ഞ ദിവസങ്ങളിൽ യുഎസിൻ്റെ തെക്ക്കിഴക്കൻ ഭാഗത്ത് വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റിൽ 135 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ട്രംപ് വിജയിച്ചാൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങളെ എങ്ങനെ ഇല്ലാതാക്കുമെന്ന് വാൻസിനോട് മോഡറേറ്റർമാർ ചോദിച്ചു.
ട്രംപ് ഭരണകൂടം ശുദ്ധവായു, ശുദ്ധ ജലം എന്നിവയെ പിന്തുണയ്ക്കുന്നുവെന്നും അതിനുള്ള ഏറ്റവും നല്ല മാർഗം അമേരിക്കയിൽ തന്നെ ഉൽപ്പാദനം നിലനിർത്തുകയാണെന്നും അദ്ദേഹം പറയുന്നു. ബൈഡൻ-ഹാരിസ് ഭരണകൂടം ലോകത്തിലെ ഏറ്റവും വൃത്തികെട്ട ചില ഭാഗങ്ങളിൽ, വിദേശ ഉൽപ്പാദനത്തിന് സഹായം ചെയ്തുകൊണ്ടിരിക്കുകയാണ്. അത് വൻ തോതിൽ കാർബൺ മലിനീകരണത്തിന് കാരണമാകുന്നു. വാൻസ് അവകാശപ്പെട്ടു. എന്നാൽ 2016ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് ട്രംപ് പ്രസിഡൻ്റായിരിക്കെ അമേരിക്ക പിൻവാങ്ങിയിരുന്നു എന്നതാണ് വസ്തുത.
“കാലാവസ്ഥാ വ്യതിയാനം യഥാർത്ഥമാണെന്ന് എൻ്റെ കർഷകർക്ക് അറിയാം,” വാൾസ് പറയുന്നു, ഭൂമി ചൂടാകുന്നതിനനുസരിച്ച് മാറുന്ന കാലാവസ്ഥയുമായി അവർ പൊരുത്തപ്പെടുകയാണ്. എന്നത്തേക്കാളും കൂടുതൽ പ്രകൃതിവാതകവും എണ്ണയും ഉത്പാദിപ്പിക്കുന്ന രാജ്യമാണ് അമേരിക്കയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.”നിലവിലെ മാത്രമല്ല, ഭാവിയിലേക്കുള്ള ഒരു ഊർജ്ജ സൂപ്പർ പവർ” ആകാൻ അമേരിക്കയ്ക്ക് സാധ്യമാണ്, അദ്ദേഹം പറയുന്നു.
Walz and Vance clarified their position on West Asian conflicts in US VP Debate















