
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇവരില്‍ നാലു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്, ആറുപേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാന്റെ നില ഗുരുതരമാണ്.
രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആര്‍.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. ുടര്‍ന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. പനി, പേശിവേദന, തലവേദന, തലചുറ്റല്‍, ഓര്‍മനഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ലെങ്കിലും ചിലരില്‍ പനി, തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെന്നും വരാം.