
ഒരുമാസമായി ന്യൂ ജേഴ്സിയുടെ ആകാശത്ത് വട്ടമിട്ടു പറക്കുന്ന ദുരൂഹ വസ്തുക്കൾ പ്രദേശവാസികളുടെ സമാധാനം തകർക്കുകയാണ്. ന്യൂ ജേഴ്സിയിലെ നിരവധി കൌണ്ടികളിൽ ആകാശത്ത് ഡ്രോണുകളെ പോലെ തോന്നിപ്പിക്കുന്ന ഇവ ഒരോന്നായും കൂട്ടമായും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് എന്താണ് എന്ന് ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഏതാണ്ട് ചെറിയ കാറിൻ്റെ വലുപ്പമുള്ള പറക്കുന്ന ഈ വസ്തുക്കൾ എന്തെന്ന് അറിയാതെ ആശങ്കയിലാണ് ജനം .
പറക്കുന്ന വസ്തുക്കളെ കൃത്യമായി തിരിച്ചറിയാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പറയുന്നത്, “നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ എയർക്രാഫറ്റുകളായിരിക്കാം ” എന്നാണ്. വിദേശ ഇടപെടൽ സംശയിക്കുന്നില്ല, പൊതു സുരക്ഷയ്‌ക്കോ ദേശീയ സുരക്ഷയ്‌ക്കോ പ്രത്യക്ഷമായ ഭീഷണിയൊന്നുമില്ലെന്ന് പെൻ്റഗണും പറയുന്നു. ന്യൂജേഴ്‌സിയിലെ ഡെമോക്രാറ്റിക് ഗവർണറായ ഫിൽ മർഫി, കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പ്രസിഡൻ്റ് ജോ ബൈഡന് കത്ത് അയച്ചു. കാറിൻ്റെ അത്രവലിപ്പമുള്ളതിനാൽ തന്നെ അതെ കളിപ്പാട്ടമോ അമച്വർ ഡ്രോണുകളോ ആകാൻ സാധ്യതയുമില്ല.
അവ അന്യഗ്രഹ ജീവികളോ വിദേശ ശക്തികളുടെ ചാര വിമാനങ്ങളോ അല്ല എന്നാണ് പെൻ്റഗണും എഫ്ബിഐയും വൈറ്റ്ഹൌസും ഹോംലാൻഡ് സെക്യൂരിറ്റിയും പറയുന്നത്. വിദേശ പങ്കാളിത്തത്തിന് തെളിവുകളില്ലെന്നു സർക്കാരിൻ്റെ ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. അതിനിടെ കടലിലെ ഇറാനിയൻ കപ്പലിൽ നിന്ന് അമേരിക്കക്കാരെ ലക്ഷ്യമിട്ടുവരുന്ന ഡ്രോണുകളാണ് ഇത് എന്ന ഗൂഡാലോചനാ സിദ്ധാന്തം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ന്യൂജേഴ്‌സിക്ക് പുറമെ, മേരിലാൻഡ്, ന്യൂയോർക്ക്, പെൻസിൽവേനിയ, വിർജീനിയ എന്നിവിടങ്ങളിലുംസമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാത്രി, മേരിലാൻഡിലെ റിപ്പബ്ലിക്കൻ മുൻ ഗവർണറായ ലാറി ഹോഗൻ, ഡേവിഡ്സൺവില്ലിലെ തൻ്റെ വീടിന് മുകളിൽ 45 മിനിറ്റോളം ഡസൻ കണക്കിന് വലിയ ഡ്രോണുകൾ പറന്നതായി അറിയിച്ചു. അടുത്തിടെ ജർമ്മനിയിലെ ഒരു യുഎസ് എയർ ബേസിലും അമേരിക്കൻ സേന ഉപയോഗിക്കുന്ന യുകെയിലെ RAF ബേസുകളിലും ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ട്, എന്നാൽ യുഎസിലെ സംഭവങ്ങളുമായി ഇതിന് ഇതുവരെ ഒരു ബന്ധവുമില്ല.
ന്യൂജേഴ്‌സിയിലെ ചില പ്രദേശങ്ങളിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ഡ്രോൺ നോ-ഫ്ലൈ സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്., മോറിസ് കൗണ്ടിയിലെ സൈനിക താവളം, നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ബെഡ്മിൻസ്റ്ററിലെ ഗോൾഫ് റിസോർട്ട് എന്നിവയാണ് അത്. ചില പ്രാദേശിക ഉദ്യോഗസ്ഥർ സംസ്ഥാനവ്യാപകമായി നിരോധനം ആവശ്യപ്പെടുന്നു. സുരക്ഷാ ഭീഷണിയൊന്നും കണ്ടെത്താത്ത പെൻ്റഗൺ, കേസ് എഫ്ബിഐക്ക് വിട്ടു. എഫ്ബിഐ സംസ്ഥാന പൊലീസുമായി ചേർന്ന് ഇത് അന്വേശിക്കുമെന്നും പൊതുജനങ്ങൾക്ക് ഇതെ കുറിച്ച് അറിയാമെങ്കിൽ വിവരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
What are the flying objects spotted in the skies of New Jersy