
തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണതായ ശേഷം കണ്ടുകിട്ടിയ രണ്ടു വയസ്സുകാരി മേരിയുടെ ഡി എൻ എ പരിശോധന നടത്താൻ തീരുമാനം. കുട്ടിയുടെ രക്ഷിതാക്കളെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ച ദമ്പതികൾ തന്നെയാണ് യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പിക്കാനാണ് ഡി എൻ എ പരിശോധന നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മേരിയുടെതായ ഒരു രേഖയും രക്ഷിതാക്കളുടെ കയ്യിലില്ലാത്തതിനാലാണ് പൊലീസിന് ഇക്കാര്യത്തിൽ സംശയം.
ഡി എൻ എ പരിശോധനക്കായി കുട്ടിയുടെയും മാതാപിതാക്കളുടെയും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളാണെന്ന് ഉറപ്പിക്കുക. ഡി എൻ എ ഫലം കൂടി കിട്ടിയ ശേഷം ആയിരിക്കും കുട്ടിയെ ഈ ദമ്പതികൾക്ക് വിട്ടു കൊടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയെന്നും പൊലീസ് അറിയിച്ചു. പേട്ടയിൽ നിന്ന് കാണാതായ കുട്ടിയെ കൊച്ചുവേളിയിൽ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അന്ന് മുതൽ കുട്ടി പൊലീസിന്‍റെയും ശിശുക്ഷേമ സമിതിയുടെയും സംരക്ഷണത്തിലാണ്.
Who are Mary’s parents? DNA testing to confirm