
ജോ ബൈഡൻ തെരഞ്ഞെടുപ്പ് രംഗത്തു നിന്നു പിന്മാറിയതോടെ പിന്നെ ആരായിരിക്കും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി ? – കമല ഹാരിസ് തന്നെയായിരിക്കുമോ. ബൈഡൻ കമലാ ഹാരിസിൻ്റെ പേരാണ് നിർദേശിച്ചിരിക്കുന്നതെങ്കിലും ഇതുവരെ അതു സംബന്ധിച്ച് തീരുമാനം വന്നിട്ടില്ല. കമല തന്നെയായിരിക്കും മൽസരരംഗത്ത് എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പിന്തുണ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ബിൽ ക്ലിൻ്റണും ഹിലറിയും കമലയെ പിന്തുണയക്കുമ്പോൾ മുൻ സ്പീക്കർ നാൻസി പെലോസി കമലയെ പിന്തുണയ്ക്കുന്നില്ല എന്നാണ് പുറത്തു വരുന്ന വിവരം.
ബൈഡൻ്റെ പിന്മാറ്റ തീരുമാനം ധീരമെന്നും രാജ്യസ്നേഹപരമെന്നും വിശേഷിപ്പിച്ച പലരും കമലയുടെ കാര്യം പരാമർശിട്ടില്ല. ബൈഡന് പകരം ആരെന്ന ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുക അടുത്ത മാസം 19 മുതൽ ചിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ആയിരിക്കും. ഏകകണ്ഠമായ പിന്തുണ കമലയ്ക്ക് കിട്ടിയിട്ടില്ല. പക്ഷേ പ്രചാരണ രംഗത്തും ധനസമാഹരണ രംഗത്തും കമല ഏറെ മുന്നോട്ടുപോയി എന്നത് അവർക്ക് ഗുണം ചെയ്യുന്ന ഘടകങ്ങളാണ്.
കമല ഹാരിസിനെ കൂടാതെ മറ്റ് നിരവധി പേരുകളും ഉയർന്നു വരുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്ന് മിഷിഗണിൽ രണ്ട് തവണ ഗവർണറായ ഗ്രെച്ചൻ വിറ്റ്മറിൻ്റെയാണ്. 2028-ൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പല തിരഞ്ഞെടുപ്പ് വിദഗ്ധരും അനുമാനിക്കുന്ന ഒരു മിഡ്‌വെസ്റ്റ് ഡെമോക്രാറ്റാണ്. ബൈഡൻ പിന്മാറിയ ഉടൻ താൻ തൻ്റെ ജോലി തുടരുമെന്നും ട്രംപിനെ തോൽപ്പിക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും വിറ്റ്മർ പ്രഖ്യാപിച്ചിരുന്നെങ്കിലും കമലയെ പിന്തുണയ്ക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം ആണ് മറ്റൊരു വ്യക്തി. ബൈഡനോട് വളരെ അടുത്ത വ്യക്തിയാണെങ്കിലും അദ്ദേഹത്തിന് സ്വന്തം രാഷ്ട്രീയ മോഹങ്ങളുണ്ട്. 2028-ലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെന്ന് പലരും ഇദ്ദേഹത്തെ വിലയിരുത്തുന്നുമുണ്ട്. പല ഡെമോക്രാറ്റിക് വിശകലന വിദഗ്ധരും ന്യൂസോം ബൈഡനു പകരക്കാരനാകുമെന്ന് പറഞ്ഞ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസിനെതിരായ ഒരു സംവാദത്തിലൂടെ ന്യൂസോം ദേശീയ തലത്തിൽ ശ്രദ്ധ നേടിയ നേതാവാണ്.
ബൈഡൻ സർക്കാരിലെ ട്രാൻസ്പോർട്ട് സെക്രട്ടറി പീറ്റ് ബുട്ടിജെയ്ജ് മറ്റൊരു മികച്ച മുഖമാണ്. ബൈഡൻ ഭരണകൂടത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രസംഗിക്കാൻ കഴിയുന്ന ഒരാളാണ്.
പെൻസിൽവാനിയ ഗവർണർ ജോഷ് ഷപ്പീറോയാണ് അടുത്തയാൾ. തൻ്റെ ഭരണ മികവിന് പേരുകേട്ട വ്യക്തിയാണ് ഷപ്പീറോ. മുമ്പ് സംസ്ഥാന അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇല്ലിനോയ് ഗവർണറായ ജെ. ബി പ്രിറ്റ്‌സ്‌കറാണ് മറ്റൊരു മുഖം. ട്രംപിനെ വിമർശിക്കുന്നതിൽ അഗ്രഗണ്യനാണ്. ട്രംപിനെതിരെ ബൈഡനെ ഏറ്റവും അധികം പ്രതിരോധിച്ചിരുന്ന വ്യക്തിയാണ്. ഹയാത്ത് ഹോട്ടൽ ശൃംഖലയുടെ ഉടമയും മികച്ച ബിസിനസുകാരനുമാണ്.
ഇവരെയൊന്നും കൂടാതെ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ,കെൻ്റക്കി ഗവർണർ ആൻഡി ബിഷേർ, മേറിലൻഡ് ഗവർണർ വെസ് മൂർ
സെനറ്റർമാരായ എയ്മി ക്ലോബുച്ചർ, കോറി ബുക്കർ, റാഫേൽ വാർനോക്ക് തുടങ്ങിയ പേരുകളും പട്ടികയിൽ ഉണ്ട്.
Who will Replace Democrat Joe Biden in US presidential race















