
ഏപ്രില്‍ എട്ടിന് സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് ദശലക്ഷക്കണക്കിന് ആളുകളെ ഇരുട്ട് മൂടുമ്പോള്‍, ആ നിമിഷം പകര്‍ത്താന്‍ കാണികള്‍ അവരുടെ സെല്‍ഫോണുകള്‍ ഉപയോഗിക്കും. എന്നാല്‍ ഒരേസമയത്ത് ഇത്രയധികം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് നെറ്റ്വര്‍ക്കിനെയോ മൊബൈല്‍ സേവനങ്ങളെയോ ബാധിക്കുമോ?
വയര്‍ലെസ് നെറ്റ്വര്‍ക്കുകളില്‍ സൂര്യഗ്രഹണത്തിന് കാര്യമായി ഒരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിയില്ല എന്നുതന്നെ പറയാം. എന്നാല്‍ ഗ്രഹണം ദൃശ്യമാകുന്ന ഇടങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാകുകയും അത് ഒരു ഫുട്‌ബോള്‍ ഗെയിമിന്റെ തിരക്കേറിയ സ്റ്റേഡിയത്തിലേതുപോലെയുള്ള അന്തരീക്ഷമാകും സൃഷ്ടിക്കുക. ഇത് നെറ്റ്വര്‍ക്കിലെ ട്രാഫിക്കിനെ ചിലപ്പോള്‍ ബാധിച്ചേക്കാം. ചെറിയ തടസ്സങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ ഇത്തരത്തിലൊരു തിരക്കിനെ മുന്നില്‍ക്കണ്ട് മൊബൈല്‍ നെറ്റ്വര്‍ക്ക് സേവന ദാതാക്കള്‍ പ്രവര്‍ത്തിക്കുകയും ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രഹണം കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രളയം കണക്കിലെടുത്ത് സെല്ലുലാര്‍, വൈ-ഫൈ നെറ്റ്വര്‍ക്കുകളിലെ ട്രാഫിക്ക് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെന്ന് അമേരിക്കയിലെ നഗര കേന്ദ്രങ്ങളിലും ഗ്രാമീണ പട്ടണങ്ങളിലുമുള്ള നെറ്റ്വര്‍ക്ക് ദാതാക്കളും പൊതു ഉദ്യോഗസ്ഥരും പറയുന്നു.
ഗ്രഹണ സമ്പൂര്‍ണ്ണതയുടെ പാതയില്‍ ചന്ദ്രന്‍ പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കുന്നത് കാണാന്‍ സാധിക്കുന്ന ടെക്‌സസ് മുതല്‍ മെയ്ന്‍ വരെയുള്ള സംസ്ഥാനങ്ങളിലേക്ക് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഒഴുകിയെത്തുക. കാഴ്ചക്കാര്‍ തങ്ങളുടെ അനുഭവം അനുസ്മരണീയമാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീമുകളും വീഡിയോ കോളുകളും ഉപയോഗിക്കുമ്പോള്‍ ആ പ്രദേശങ്ങളിലെ നെറ്റ്വര്‍ക്ക് സ്ഥിതി എങ്ങനെയുണ്ടെന്നതിനെ ആശ്രയിച്ച് ചിലപ്പോള്‍ തടസങ്ങള്‍ നേരിടാനും സാധ്യതയുണ്ട്.
1869-ല്‍ അവസാനമായി ഗ്രഹണം കണ്ട ബ്ലൂമിംഗ്ടണ്‍, തിങ്കളാഴ്ച സമ്പൂര്‍ണതയുടെ പാതയിലായിരിക്കും, ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ ഇവിടേക്ക് എത്തിയേക്കും.
നെറ്റ്വര്‍ക്ക് ട്രാഫിക്കില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുവെന്ന് AT&T കമ്പനിയുടെ വക്താവ് പറയുന്നു. 2017-ല്‍ അമേരിക്കയിലുടനീളം അവസാനത്തെ സമ്പൂര്‍ണ സൂര്യഗ്രഹണം എത്തിയപ്പോള്‍ AT&T കമ്പനിയുടെ ചില സെല്‍ ടവറുകള്‍ക്ക് ചുറ്റും നെറ്റ്വര്‍ക്ക് ഉപയോഗം 15% വരെ ഉയര്‍ന്നു എന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങള്‍ തിങ്കളാഴ്ചയിലെ സമ്പൂര്‍ണ സൂര്യ ഗ്രഹണത്തിന് തയ്യാറാണെന്നും വ്യക്തമാക്കുന്നു.
വെറൈസണ്‍, ടി-മൊബൈല്‍ തുടങ്ങിയ മറ്റ് പ്രധാന ദാതാക്കളും തിങ്കളാഴ്ചത്തെ ആകാശക്കാഴ്ചയ്ക്ക് മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഗ്രഹണ പാതയിലുടനീളം യുഎസ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചതായി വെറൈസണ്‍ പറയുന്നു. 2023-ന്റെ തുടക്കം മുതല്‍ ന്യൂയോര്‍ക്കിലെ നയാഗ്ര, എറി കൗണ്ടികളില്‍ 19 പുതിയ സെല്‍ സൈറ്റുകള്‍ വെറൈസണ്‍ നിര്‍മ്മിക്കുകയും സജീവമാക്കുകയും ചെയ്തതായും കമ്പനി പറയുന്നു. വടക്കുകിഴക്കന്‍ ഒഹായോയില്‍, വെറൈസണ്‍ ആറ് കൗണ്ടികളിലായി 60 പുതിയ സെല്‍ സൈറ്റുകളും ഡാളസ് ഏരിയയില്‍ 375 പുതിയ സെല്‍ സൈറ്റുകളും വെറൈസണ്‍ സജീവമാക്കി.
ഏകദേശം ഒരു നൂറ്റാണ്ടിനിടയിലെ ആദ്യത്തെ സമ്പൂര്‍ണ ഗ്രഹണം ന്യൂയോര്‍ക്കില്‍ അനുഭവപ്പെടുമ്പോള്‍ ഇവന്റിനായി തയ്യാറെടുക്കുന്നതിനായി ഒരു വര്‍ഷത്തിലേറെയായി വയര്‍ലെസ് ദാതാക്കള്‍ സജ്ജമായെന്ന് സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകള്‍ പറയുന്നു.