
ന്യൂഡല്‍ഹി: ആംആദ്മിയെ വെറുതെവിടാന്‍ യാതൊരു ഉദ്ദേശവുമില്ലാതെ ഇഡി പുതിയ കരുനീക്കം തുടങ്ങി. ഡല്‍ഹി വഖഫ് ബോര്‍ഡിലെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ അമാനത്തുള്ള ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിനായി ഇഡി ശ്രമം.
ഈ ആവശ്യം ഉന്നയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച ഡല്‍ഹി കോടതിയെ സമീപിച്ചു. എന്നാല്‍, അപേക്ഷയെ പിന്തുണയ്ക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സി കുറച്ച് സമയം ആവശ്യപ്പെട്ടതിനാല്‍ ഏപ്രില്‍ 18 ന് കോടതി വിഷയം പരിഗണിക്കും.
അതേസമയം, ഈ ആഴ്ച ആദ്യം, കേന്ദ്ര ഏജന്‍സിയുടെ സമന്‍സ് അനുസരിക്കാത്തതിന് അമാനത്തുള്ളയ്‌ക്കെതിരെ വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി അപേക്ഷ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 20 ന് ഹാജരാകാന്‍ ഡല്‍ഹി കോടതി ഓഖ്ല എംഎല്‍എ യായ ഖാന് സമന്‍സ് അയച്ചു.
ജനുവരി 23, ജനുവരി 31, ഫെബ്രുവരി 9, ഫെബ്രുവരി 19, ഫെബ്രുവരി 26, മാര്‍ച്ച് 4 തീയതികളില്‍ ചോദ്യം ചെയ്യലിന് അയച്ച സമന്‍സിനെ ഖാന്‍ അനുസരിച്ചിട്ടില്ലെന്ന് ഇഡി പറയുന്നു. അമാനത്തുള്ള ഖാന്റെ മൂന്ന് കൂട്ടാളികളടക്കം നാല് പേര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.