
പൂനെ: വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേദ്കറുടെ സ്വകാര്യ ഔഡി കാറിൽ അനധികൃതമായി ബീക്കൺ ലൈറ്റും മഹാരാഷ്ട്ര ഗവൺമെൻ്റ് എന്നെഴുതിയ ബോർഡും ഉപയോഗിച്ച സംഭവത്തിൽ പൂനെ പൊലീസ് സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൂജ ഖേദ്കറിന്റെ നിയമലംഘനങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് പുനെ പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. വ്യാഴാഴ്ച പൂജയുടെ വസതിയിലെത്തിയ പൊലീസ് സംഘം നിയമലംഘനം നടത്തിയ ഔഡി കാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു.
ഖേദ്കർ ഉപയോഗിച്ചിരുന്ന ഔഡി കാർ ഒരു സ്വകാര്യ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും വാഹനത്തിനെതിരെ നേരത്തെ ചലാൻ നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പുണെ അസി. കളക്ടറായിരുന്ന പൂജയെ വാഷിമിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് കാറുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ പോലീസും അന്വേഷണം ആരംഭിച്ചത്. മോട്ടോര്‍ വാഹന നിയമപ്രകാരം അസി. കളക്ടര്‍ക്ക് ഏകദേശം 21,000 രൂപ വരെ പിഴ ലഭിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, പൂജയുടെ പേരില്‍ 110 ഏക്കര്‍ കൃഷിഭൂമിയുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ദിലീപ് ഖേദ്കറാണ് പൂജയുടെ പിതാവ്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വഞ്ചിത് ബഹുജന്‍ അഘാടി സ്ഥാനാര്‍ഥിയായും ഇദ്ദേഹം മത്സരിച്ചിരുന്നു.
വിവിധയിടങ്ങളിലായി പൂജയ്ക്ക് ഏഴ് ഫ്‌ളാറ്റുകളും ആറ് പുരയിടങ്ങളും ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 900 ഗ്രാം സ്വര്‍ണവും വജ്രാഭരണങ്ങളും കൈവശമുണ്ട്. ഇതിനൊപ്പം 17 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണത്തിന്റെ വാച്ചുമുണ്ട്. നാല് ആഡംബര കാറുകളാണ് പൂജയ്ക്കുള്ളത്. രണ്ട് സ്വകാര്യകമ്പനികളില്‍ പങ്കാളിത്തമുണ്ടെന്നും ഏകദേശം 17 കോടി രൂപയുടെ സ്വത്താണ് പൂജയുടെ പേരിലുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.