
കാരക്കാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ ജനരോഷം ആളിക്കത്തുന്നു. തിരഞ്ഞെടുപ്പ് ഫലത്തില്‍ മഡുറോ കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ചും ഫലം അംഗീകരിക്കാതെയും ആയിരക്കണക്കിന് വെനസ്വേലക്കാര്‍ ശനിയാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങി.
പ്രതിഷേധത്തിനിടെ 2,000 ത്തോളം പേരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്റ് നിക്കോളാസ് മഡുറോ അനുയായികളോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ മഡുറോയെ വിജയിയായി പ്രഖ്യാപിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എഡ്മുണ്ടോ ഗോണ്‍സാലസ് 46% വോട്ടുനേടിയപ്പോള്‍ താന്‍ 51% നേടിയെന്നാണ് മഡുറോ പ്രഖ്യാപിച്ചത്. എന്നാല്‍ ഫലം അട്ടിമറിക്കപ്പെട്ടെന്നും അംഗീകരിക്കില്ലെന്നുമാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
തന്റെ വിജയത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് മാപ്പില്ലെന്നും, പരമാവധി ശിക്ഷ നല്‍കുമെന്നുമാണ് മഡുറോ അനുയായികളോട് പറഞ്ഞത്. അതേസമയം മഡുറോയുടെ അനുയായികള്‍ പ്രതിഷേധക്കാര്‍ക്കെതിരെ മറു പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഉള്‍പ്പെടെയുള്ള അഭിഭാഷക ഗ്രൂപ്പുകളുടെ അഭിപ്രായത്തില്‍, തെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതിഷേധങ്ങളില്‍ ഇതുവരെ 20 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, വെനസ്വേലയില്‍ സമാധാനം സ്ഥാപിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. യുഎസും അര്‍ജന്റീനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനകം തന്നെ ഗോണ്‍സാലസിനെ തിരഞ്ഞെടുപ്പ് വിജയിയായി അംഗീകരിച്ചിട്ടുണ്ട്. കോസ്റ്റാറിക്ക, ഇക്വഡോര്‍, പനാമ, ഉറുഗ്വായ് എന്നിവരും ഗോണ്‍സാലസിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതായും വിജയിയായി അംഗീകരിക്കുന്നതായും വ്യക്തമാക്കി.