ഗാസയിൽ വേൾഡ് സെൻട്രൽ കിച്ചൺ പ്രവർത്തനം നിർത്തി; ഇസ്രയേൽ ആക്രമണത്തിൽ വ്യാപക പ്രതിഷേധം

ഗാസയിൽ പ്രവർത്തനം നടത്തുകയായിരുന്ന വേൾഡ് സെൻട്രൽ കിച്ചണി (ഡബ്ല്യുസികെ) ൻ്റെ സന്നദ്ധ പ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ അമേരിക്കയിൽ പ്രതിഷേധം വ്യാപകമാകുന്നു. യുഎസ് ആസ്ഥാനമായ ഫൂഡ് ചാരിറ്റി സംഘടനയാണ് വേൾഡ് സെൻട്രൽ കിച്ചൺ. ഡബ്ല്യുസികെ സ്ഥാപകൻ ജോസ് ആൻഡ്രേസ്, സന്നദ്ധപ്രവർത്തകരുടെ മരണത്തിൽ ഹൃദയം തകർന്നതായി കുറിച്ചു. “അവർ… മാലാഖമാരായിരുന്നു,അവർ മുഖമില്ലാത്തവരല്ല… പേരില്ലാത്തവരല്ല.” ആൻഡേഴ്സ് എക്സിൽ കുറിച്ചു.കണ്ണിൽ ചോരയില്ലാതെ എല്ലാവരേയും കൊന്നു തള്ളുന്നത് നിർത്താൻ അദ്ദേഹം ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

ഇസ്രായേൽ സൈന്യം നിരപരാധികളെ ആക്രമിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഗാസയിലെ ഒരു വെയർഹൗസിൽ നിന്ന് പുറത്തുപോകുമ്പോഴാണ് യുഎസ് ആസ്ഥാനമായുള്ള വേൾഡ് സെൻട്രൽ കിച്ചൺ എന്ന ചാരിറ്റി സംഘടനയുടെ ഏഴ് പ്രവർത്തകർ കൊല്ലപ്പെട്ടത്.

പ്രസിഡൻ്റ് ജോ ബൈഡൻ ഓർഗനൈസേഷൻ്റെ സ്ഥാപകൻ ആന്ദ്രേസുമായി സംസാരിച്ചു. സന്നദ്ധ പ്രവർത്തകരുടെ മരണത്തിൽ അനുശോചനം അറിയിച്ചു. മുഴുവൻ ഡബ്ല്യുസികെ കുടുംബത്തോടുമൊപ്പം വൈറ്റ്ഹൌസ് ദുഃഖിക്കുന്നു എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തെ തുടർന്ന് വേൾഡ് സെൻട്രൽ കിച്ചണിൻ്റെ ഗാസയിലെ പ്രവർത്തനം അവസാനിപ്പിച്ചു. മിഷെലിൻ ഷെഫ് ആയ ജോസ് ആൻഡ്രേസ് 2010 ലെ ഹെയ്തിയിലെ ഭൂകമ്പത്തെ തുടർന്നാണ് വേൾഡ് സെൻട്രൽ കിച്ചൺ ആരംഭിക്കുന്നത്. യുക്രെയ്ൻ ഉൾപ്പെടെയുള്ള യുദ്ധബാധിത പ്രദേശങ്ങളിൽ സംഘം ഭക്ഷണം നൽകിയിട്ടുണ്ട്. ഗാസയ്ക്ക് ആവശ്യമായ സഹായവും ഭക്ഷണവും എത്തിക്കുന്നതിൽ പ്രധാനികളായിരുന്നു.

കൊല്ലപ്പെട്ട ഏഴുപേർ ഇവരാണ്

ജേക്കബ് ഫ്ലിക്കിംഗർ, 33, അമേരിക്കൻ-കനേഡിയൻ
ജോൺ ചാപ്മാൻ, 57, യുകെ
ജെയിംസ് ഹെൻഡേഴ്സൺ, 33, യുകെ
ജെയിംസ് കിർബി, 47, യുകെ
സൈഫെദ്ദീൻ ഇസ്സാം അയാദ് അബുതാഹ, 25, പലസ്തീൻ
ലാൽസാവോമി ഫ്രാങ്കോം, 43, ഓസ്‌ട്രേലിയ
ഡാമിയൻ സോബോൾ, 35, പോളണ്ട്

World Central Kitchen Stopped works At Gasa