വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദ് അടക്കമുള്ള പ്രതികളുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ യുഎസ് റദ്ദാക്കി

2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണം ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്നവരുമായി ഉണ്ടാക്കിയ വിചാരണയ്ക്ക് മുമ്പുള്ള കരാര്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പിന്‍വലിച്ചു.

ആക്രമണം നടത്തിയവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്ന ഒത്തുതീര്‍പ്പ് കരാറില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നിന്നും, ഇരകളുടെ കുടുംബത്തില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് കരാറില്‍ ഒപ്പുവെച്ച കോടതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥയുടെ അധികാരം റദ്ദാക്കുകയാണെന്ന് ഓസ്റ്റിന്‍ വ്യക്തമാക്കിയത്.

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുകയും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ ആക്രമണം നടത്തുകയും ചെയ്ത ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വലീദ് ബിന്‍ അത്താഷ്, മുസ്തഫ അല്‍ ഹൗസാവീ എന്നിവര്‍ ഉള്‍പ്പെടെ ഗ്വാണ്ടനാമോയില്‍ തടവിലാക്കപ്പെട്ട മൂന്ന് പ്രതികളുമായാണ് യുഎസ് ഭരണകൂടം ഒത്തുതീര്‍പ്പിലെത്തിയിരുന്നത്. മൂന്ന് പ്രതികളും കുറ്റസമ്മതം നടത്തുകയാണെങ്കില്‍ വധശിക്ഷ, ജീവപര്യന്തമാക്കി കുറയ്ക്കാമെന്നാണ് ധാരണയെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അടുത്തയാഴ്ച വിചാരണ ആരംഭിക്കുമ്പോള്‍ 3 പേരും കുറ്റം സമ്മതിച്ചേക്കുമെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് വിഷയത്തില്‍ നടന്നത്.

‘പ്രതികളുമായി വിചാരണയ്ക്കുമുമ്പ് കരാറുകളില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തിന്റെ പ്രാധാന്യത്തിന്റെ വെളിച്ചത്തില്‍, അത്തരമൊരു തീരുമാനത്തിന്റെ ഉത്തരവാദിത്തം ഉയര്‍ന്ന അധികാരി എന്ന നിലയില്‍ എനിക്കായിരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു’ എന്നാണ് ഓസ്റ്റിന്‍ പറഞ്ഞത്.

രണ്ടു പതിറ്റാണ്ടോളം ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിൽ കഴിഞ്ഞ പ്രതികളുമായി 27 മാസത്തെ ചർച്ചകൾക്കു ശേഷമാണു സൈനിക കമ്മിഷനുകളുടെ ഏകോപനച്ചുമതലയുള്ള സൂസൻ എസ്കാലിയർ ധാരണയിലെത്തിയത്. ഇതാണ് ഓസ്റ്റിന്‍ തന്റെ അധികാര പരിധി ഉപയോഗിച്ച് റദ്ദാക്കിയത്‌.

More Stories from this section

family-dental
witywide