സൂര്യഗ്രഹണത്തെക്കുറിച്ച് ആശങ്ക; അമേരിക്കയില്‍ പങ്കാളിയെയും കുട്ടിയേയും കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

ലോസ് ഏഞ്ചല്‍സ്: : സൂര്യഗ്രഹണത്തെത്തുടര്‍ന്നുള്ള ആശങ്കകള്‍ക്കിടയില്‍ അമേരിക്കയില്‍ പങ്കാളിയെയും കുട്ടിയേയും കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു.

ജ്യോതിഷ മേഖലയിലെ ഇന്‍ഫ്‌ളുവന്‍സറായ ഡാനിയേല്‍ ജോണ്‍സണാണ് ക്രൂരകൊലപാതകങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയിലേക്ക് നീങ്ങിയത്. താമസ സ്ഥലത്തുവെച്ച് പങ്കാളിയായ ജെയ്ലന്‍ അലന്‍ ചാനിയെ മാരകമായി കുത്തിമുറിവേല്‍പ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത യുവതി തന്റെ രണ്ട് കുട്ടികളുമായി കാറില്‍ പുറത്തേക്ക് പോയി. തുടര്‍ന്ന് കുട്ടികളെ ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് തള്ളിയ ശേഷം വാഹനം അതിവേഗം ഓടിച്ച് ഒരു മരത്തില്‍ ഇടിച്ച് അപകടമുണ്ടാക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടി മരണത്തിനു കീഴടങ്ങുകയും ഒമ്പതുവയസുള്ള പെണ്‍കുട്ടി രക്ഷപെടുകയും ചെയ്തിട്ടുണ്ട്. കുട്ടി ചികിത്സയിലാണ്.

തന്റെ വെബ്സൈറ്റില്‍ ആഴ്ചതോറും ഓണ്‍ലൈന്‍ രാശിചക്ര വിവരങ്ങള്‍ പങ്കുവെച്ചിരുന്ന ഡാനിയേല്‍ ജോണ്‍സണ്‍ വടക്കേ അമേരിക്കയിലെ തിങ്കളാഴ്ചത്തെ സമ്പൂര്‍ണ സൂര്യഗ്രഹണം ‘ആത്മീയ യുദ്ധത്തിന്റെ പ്രതിരൂപമാണെന്നാണ് അനുയായികളോട് പറഞ്ഞത്. അതില്‍ നിന്നും സംരക്ഷണം തേടാനും അവര്‍ ആഹ്വാനം ചെയ്തിരുന്നു. യുവതിക്ക് അയോക എന്ന പേരില്‍ ട്വിറ്ററിലും അക്കൗണ്ട് ഉണ്ട്. ലോകം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്, നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു വശം തിരഞ്ഞെടുക്കേണ്ടി വന്നാല്‍, നിങ്ങളുടെ ജീവിതത്തില്‍ ശരിയായത് ചെയ്യാനുള്ള സമയം ഇപ്പോഴാണെന്നും അവര്‍ കുറിച്ചിരുന്നു.

അപകടത്തിന് അരമണിക്കൂറിനുശേഷം പസഫിക് കോസ്റ്റ് ഹൈവേയിലെത്തിയ പൊലീസിന് അപകടത്തില്‍ മരണപ്പെട്ട യുവതിയുടെ ശരീരം വികൃതമായതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. 160 കിലോമീറ്റര്‍ വേഗതയിലെത്തിയ കാറിലാണ് യുവതി അപകടം ഉണ്ടാക്കിയത്.

More Stories from this section

family-dental
witywide