കേരളത്തെ നടുക്കിയ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ തോരാത്ത കണ്ണീർ, ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: കേരളത്തെ നടുക്കിയ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന സന്ദീപ് ഇന്ന് രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിക്കെട്ട്പ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിക്കെട്ട്പ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവര്‍ക്കാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

രാജേഷ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പടക്കം പൊട്ടിക്കാന്‍ ഒപ്പമുണ്ടായിരുന്ന കെ വി വിജയന്‍ എന്നയാളെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്. സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും കേസിൽ ചേര്‍ത്തിട്ടുണ്ട്.

More Stories from this section

family-dental
witywide