ഉത്തരം മുട്ടുമ്പോൾ ബിജെപി കള്ളങ്ങൾ പ്രചരിപ്പിക്കുന്നു; ഭാര്യ പാക്കിസ്ഥാനിയാണെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് ധ്രുവ് റാഠി

ന്യൂഡൽഹി: ഭാര്യയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ പ്രതികരണവുമായി പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. ധ്രുവ് റാഠിയുടെ യഥാർത്ഥ പേര് ബദ്‌റുദ്ദീൻ റാഷിദ് ലാഹോറി ആണെന്നും ഭാര്യ ജൂലി പാകിസ്ഥാൻ സ്വദേശി സുലൈഖ ആണെന്നും അവകാശപ്പെടുന്ന പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ കറാച്ചിയിലെ ബംഗ്ലാവിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ സംരക്ഷണത്തിലാണ് ദമ്പതികൾ താമസിക്കുന്നതെന്നും പോസ്റ്റുകളിൽ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ നിശിത വിമർശകൻ കൂടിയായ ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിന് 18 ദശലക്ഷത്തിലധികം സബ്സ്ക്രൈബഴ്സ് ഉണ്ട്.

‘ഞാൻ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് അവര്‍ക്ക് ഉത്തരമില്ല. അതുകൊണ്ട് അവർ എനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. എന്റെ ഭാര്യയെയും കുടുംബത്തെയും ഇതിലേക്ക് കൊണ്ടുവരണമെങ്കില്‍ എന്തുമാത്രം നിരാശരായിരിക്കണം നിങ്ങള്‍. ഈ ഐടി സെല്‍ ജീവനക്കാരുടെ വെറുപ്പുളവാക്കുന്ന ധാര്‍മികനിലവാരം ഇതില്‍നിന്ന് മനസ്സിലാക്കാം,’ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ധ്രുവ് റാഠി ആരോപിച്ചു.