
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ സെക്രട്ടറിയും പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന അനില്‍ ആന്റണിയെ പുതിയ ചുമതല ഏല്‍പ്പിച്ച് ബിജെപി. മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതലയുള്ള പ്രഭാരിയായി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അനിലിനെ നിയമിച്ചു.
അതേസമയം, കേരളത്തില്‍ ബി ജെ പിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കര്‍ തന്നെ തുടരും. കേരളത്തിലെ പാര്‍ട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് പ്രകാശ് ജാവഡേക്കറിന് പ്രഭാരി ചുമതല നീട്ടി നല്‍കിയെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരിയായി പാര്‍ലമെന്റ് അംഗം അപരാജിത സാരംഗി തുടരും.
മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സഹ പ്രഭാരിയായും നിയമിച്ചു.
അനില്‍ ആന്റണി പത്തനംതിട്ടയില്‍ മത്സരിച്ചപ്പോള്‍ പ്രചരണത്തിനായി മോദി എത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുമായി അനില്‍ വാക്പോര് നടത്തിയിരുന്നു. മകന് തോല്‍ക്കുമെന്ന് എ.കെ ആന്റണി വ്യക്തമാക്കിയിരുന്നു.