പുടിന്‍ വിമര്‍ശകന്‍ നവാല്‍നിയുടെ മൃതദേഹം കണ്ടെത്തി: മൃതദേഹത്തില്‍ ചതവുകളുണ്ടെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ജയിലില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പുടിന്‍ വിമര്‍ശകനും റഷ്യന്‍ പ്രതിപക്ഷ നേതാവുമായിരുന്ന അലക്സി നവല്‍നിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കാണാനില്ലെന്നും മോര്‍ച്ചറിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് വരുന്നത്.

പക്ഷേ, മൃതദേഹത്തില്‍ ചതവുകള്‍ ഏറ്റ പാടുകള്‍ ഉണ്ടായിരുന്നതായി ഒരു സ്വതന്ത്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജയിലില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നേരിട്ട് ഫോറിന്‍ മെഡിസിന്‍ ബ്യൂറോയിലേക്കാണ് കൊണ്ടുപോകാറുള്ളതെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ മൃതദേഹം ക്ലിനിക്കല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുണ്ട്. അയാളുടെ ശരീരത്തിലെ ‘ചതവുകള്‍’ ഒരു പിടുത്തം നടക്കുമ്പോള്‍ ഒരാള്‍ക്ക് അനുഭവപ്പെടുന്ന അടയാളങ്ങളോട് സാമ്യമുള്ളതാണെന്നാണ് വിവരം.

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന നവല്‍നി 19 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കവേ റിമോട്ട് ആര്‍ട്ടിക് ജയില്‍ കോളനിയില്‍ വച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്. നടക്കാന്‍ പോയ നവല്‍നിക്ക് ബോധം നഷ്ടപ്പെടുകയും പിന്നീട് മരണപ്പെടുകയുമായിരുന്നവെന്നും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നുമാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്.

മകന്റെ മരണ വാര്‍ത്ത അറിഞ്ഞ ജയിലിലെത്തിയ അമ്മ ല്യൂഡ്മിലയോട് ‘സഡന്‍ ഡെത്ത് സിന്‍ഡ്രോം’ മൂലമാണ് അദ്ദേഹം മരിച്ചതെന്നാണ് ജയില്‍ അധികൃതര്‍ പറഞ്ഞത്. ല്യൂഡ്മിലയും നവല്‍നിയുടെ അഭിഭാഷകനും ശനിയാഴ്ച ജയില്‍ മേഖലയില്‍ എത്തിയെങ്കിലും മൃതദേഹം കാണാന്‍ അനുമതി ലഭിച്ചില്ല. മൃതദേഹം എവിടെയെന്ന് ആരും അവരോട് വ്യക്തമായി പറഞ്ഞില്ല. മാത്രമല്ല, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മൃതദേഹം വിട്ടുനല്‍കാനാകില്ലെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു.

റഷ്യന്‍ അധികാരികള്‍ അദ്ദേഹത്തെ കൊന്നുവെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുകയും ‘അവരുടെ തെളിവുകളും തെറ്റുകളും മറയ്ക്കാന്‍’ മൃതദേഹം കൈമാറാന്‍ അവര്‍ വിസമ്മതിക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide