അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നത് യുഎസ് സൈനിക വിമാനത്തിൽ: പഞ്ചാബിനെ അപമാനിക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് ഭഗവന്ത് മന്‍

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ അമേരിക്ക തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ്. സൈനിക വിമാനങ്ങള്‍ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്സറിലെ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി.-17 സൈനിക വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക.

തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാണയില്‍നിന്നും എട്ടുപേര്‍ ഗുജറാത്തില്‍നിന്നും ഉള്ളവരും മൂന്നുപേര്‍ യു.പി. സ്വദേശികളുമാണ്. രാജസ്ഥാനില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും ഗോവയില്‍നിന്നും രണ്ടുപേര്‍വീതവും ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് ഒരാള്‍ വീതവുമാണ് തിരിച്ചെത്തുന്നത്. ആദ്യത്തെ വിമാനം ശനിയാഴ്ച രാത്രി 10.5-നും രണ്ടാമത്തേത് ഞായറാഴ്ച രാത്രി 10-നുമാണ് ലാന്‍ഡ് ചെയ്യുകയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മെക്‌സിക്കോയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അനധികൃതമായി യു.എസിലേക്ക് കടന്നവരെയാണ് മടക്കി അയക്കുന്നത്. അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 104 പേരടങ്ങിയ ആദ്യ ഇന്ത്യന്‍ സംഘത്തെ യു.എസ്. സൈനിക വിമാനം കഴിഞ്ഞയാഴ്ച തിരിച്ചയച്ചിരുന്നു. ഇവരുമായെത്തിയ യു.എസ്. സൈനികവിമാനവും ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇറങ്ങിയത്.

അതേസമയം, തിരിച്ചയക്കുന്നവരുമായെത്തുന്ന വിമാനങ്ങള്‍ പഞ്ചാബില്‍ ഇറക്കുന്നതിനെതിരേ മുഖ്യമന്ത്രി ഭഗവന്ത് മന്‍ രംഗത്തെത്തി. പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരുമായി എത്തിയ ആദ്യത്തെ വിമാനത്തില്‍ ഹരിയാണയില്‍നിന്നും ഗുജറാത്തില്‍നിന്നുമുള്ള 33 പേരും പഞ്ചാബില്‍നിന്നുള്ള 30 പേരും ഉണ്ടായിരുന്നു. എന്നാല്‍, വിമാനം ഇറങ്ങിയത് അമൃത്സറിലാണ്.

ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറങ്ങുന്നു. എന്തുകൊണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്സറിനെ തിരഞ്ഞെടുത്തത്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ല, മന്‍ ആരാഞ്ഞു. പഞ്ചാബികള്‍ മാത്രമാണ് അനധികൃത കുടിയേറ്റം നടത്തുന്നതെന്ന് ചിത്രീകരിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്‍ ആരോപിച്ചു. വിശുദ്ധനഗരമായ അമൃത്സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കി കേന്ദ്രം മാറ്റിയെന്നും പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു.

illegal immigrants in US military aircraft

More Stories from this section

family-dental
witywide