
വാഷിംഗ്ടൺ: മെക്സിക്കൻ, കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള നിർദ്ദേശം മാർച്ച് നാല് മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് ഇപ്പോഴും ഒഴുകി എത്തുന്നുണ്ട്. ഇതാണ് നികുതി ചുമത്താനുള്ള കാരണമെന്നും ട്രംപ് പറഞ്ഞു. വളരെ ഉയർന്നതും അസ്വീകാര്യവുമായ അളവിൽ മയക്കുമരുന്ന് ഇപ്പോഴും യുഎസിലേക്ക് ഒഴുകുന്നുണ്ട്.
അവയിൽ വലിയൊരു ശതമാനവും മാരകമായ ഒപിയോയിഡ് ഫെന്റനൈൽ ആണെന്നും ട്രംപ് പറഞ്ഞു.’ഈ മഹാമാരി അമേരിക്കയെ ദോഷകരമായി ബാധിക്കുന്നത് തുടരാൻ അനുവദിക്കില്ല. അതിനാൽ, അത് അവസാനിക്കുന്നതുവരെ, അല്ലെങ്കിൽ പരിമിതപ്പെടുത്തുന്നതുവരെ മാർച്ച് നാലിന് പ്രാബല്യത്തിൽ വരാൻ പോകുന്ന തീരുവ തുടരും’ – ട്രംപ് വ്യക്തമാക്കി. കനേഡിയൻ, മെക്സിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ട്രംപ് നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങളിൽ തീരുമാനമായിട്ടുണ്ട്.














