
മോസ്കോ: യുക്രൈനിൽ നാറ്റോ സൈന്യത്തെ വിന്യസിക്കുന്നത് നിലവിലെ സംഘർഷത്തിന് ഒരു ഫലപ്രദമായ പരിഹാരമായി കാണുന്നില്ലെന്ന് റഷ്യ. ഈ വിഷയത്തിൽ അടുത്തിടെ ബ്രിട്ടൻ നടത്തിയ പ്രസ്താവനകളെ പ്രകോപനപരമായി കാണുന്നതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ൻ വിഷയത്തിൽ അടിസ്ഥാന കാരണങ്ങൾ ഉൾപ്പെടെ ഒരു സമഗ്രവും നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തിന് യഥാർത്ഥ ശ്രമങ്ങൾ നടക്കുമ്പോൾ, മോസ്കോയുടെയും വാഷിംഗ്ടണിന്റെയും ശ്രമങ്ങൾക്ക് വിരുദ്ധമായതും അവയെ തകർക്കാൻ ലക്ഷ്യമിടുന്നതുമായ പ്രസ്താവനകൾ ലണ്ടനിൽ നിന്ന് തുടർച്ചയായി പുറത്തുവരുന്നുവെന്നാണ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞത്.
യുക്രെയ്ന് ശക്തമായ സുരക്ഷാ ഉറപ്പുകൾ ഉണ്ടായിരിക്കണം, ആ സുരക്ഷാ ഉറപ്പുകൾക്ക് യുഎസിൻ്റെ പിന്തുണ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങൾ എപ്പോഴും വ്യക്തമാക്കിയതാണെന്ന് ലണ്ടൻ വ്യക്തമാക്കിയിരുന്നു. അലാസ്ക ഉച്ചകോടി ഈ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ നിശ്ചയദാർഢ്യം വ്യക്തമാക്കുന്നുണ്ട്. യുക്രെയ്ന് നിർണായകമായ സുരക്ഷാ ഉറപ്പുകൾക്ക് വഴിയൊരുക്കും. ഇന്നത്തെ കൂടിക്കാഴ്ച ആ സാധ്യതകളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകും,” എന്നും വക്താവ് പറഞ്ഞു.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ സുരക്ഷാ ഉറപ്പ് നൽകാനുള്ള അമേരിക്കയുടെ സന്നദ്ധതയെ ബ്രിട്ടൻ സ്വാഗതം ചെയ്തിരുന്നു. സമാധാന കരാറിൻ്റെ കാര്യത്തിൽ യുക്രെയ്ന് കാര്യമായ സുരക്ഷ നൽകുന്ന, ആർട്ടിക്കിൾ അഞ്ച് മാതൃകയിലുള്ള സുരക്ഷാ ഉറപ്പുകൾ നൽകാനുള്ള യുഎസിൻ്റെ പ്രസ്താവനയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് തിങ്കളാഴ്ച പറഞ്ഞു. നാറ്റോയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 5 പ്രകാരം ഒരു അംഗരാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ അത് എല്ലാ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുകയും കൂട്ടായ പ്രതികരണം നൽകുകയും ചെയ്യും.