
തിരുവനന്തപുരം : പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനത്തിന്റെ പേരിലുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി കാണരുതെന്ന് ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്‍ ബി ജെ പിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്ന് ശശി തരൂര്‍ വിശദീകരിച്ചു.
ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാനായി ലോകപര്യടനം നടത്തിയ സംഘത്തില്‍ തരൂര്‍ കടന്നുകൂടിയപ്പോള്‍ മുതല്‍ വിവാദം കനത്തിരുന്നു. കോണ്‍ഗ്രസ് നല്‍കിയ ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും മോദിയുടെ താത്പര്യത്തിനാണ് തരൂര്‍ സംഘത്തില്‍ ഉള്‍പ്പെട്ടത്. വിദേശത്ത് മോദിയെക്കുറിച്ച് തരൂര്‍ വാചാലനായതും കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മോദി നയങ്ങള്‍ക്കെതിരെ സംസാരിക്കുമ്പോഴാണ് തരൂര്‍ മോദി സ്തുതി നടത്തിയതെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ തരൂര്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും ശക്തമാകുകയായിരുന്നു.