
ഷിബു മാത്യു
ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ‘ചെങ്ങന്നൂർ അസോസിയേഷൻ’ (CAP)പ്രവർത്തനമാരംഭിച്ചു. ജൂൺ 21ന് രാവിലെ 11 മണിക്ക് കാസ്സി റെസ്റ്റോറന്റിൽവച്ച് അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നടന്നു.

ഷിബു വർഗീസ് കൊച്ചുമഠത്തിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനും, ഫിലഡൽഫിയയിലെ സീനിയർ വൈദീകനുമായ ഫാദർ ചാക്കോ പുന്നൂസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും, അമേരിക്കയിൽ ചെങ്ങന്നൂർ നിവാസികളുടെ കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചൻ സംസാരിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂർ നിവാസികൾ ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി വളർന്നു പന്തലിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ ചെങ്ങന്നൂർ അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ ഉത്ഘാടനവും സംഘടിപ്പിച്ചു. ജെസ്സി മാത്യു, മിനി കോശി , സുനു വർഗീസ്. ആനി സക്കറിയാ എന്നിവരെ വനിതാ കോർഡിനേറ്റർസ് ആയി യോഗം തിരഞ്ഞെടുത്തു. മാത്യൂസ് ടി വർഗീസ്, ജോയൽ സതീഷ്, ഏഞ്ചലിന മാത്യു എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് വിംഗ് കോർഡിനേറ്റേഴ്സ് ടീമും രൂപികരിച്ചു.
അനാവശ്യമായ പണപ്പിരിവുകൾ ഒഴിവാക്കി എല്ലാ മാസവും എല്ലാവരും ഒന്നിച്ചു കൂടി സൗഹൃദം പങ്കിടുന്ന ഒരു സൗഹൃദ മീററിംഗ് എന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കുവാൻ യോഗത്തിൽ ധാരണയായി. ഉദ്ഘാടന സമ്മേളനത്തിന്റെ വൻ വിജയം ചെങ്ങന്നൂർ നിവാസികളായ ഏവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ പരിണിത ഫലമാണെന്ന് ഏവരും ഒന്നടങ്കം വിലയിരുത്തി. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു.
പ്രോഗ്രാമിന്റെ എംസിയായി രാജു ശങ്കരത്തിൽ പരിപാടിയുടെ മാറ്റു കൂട്ടി. ചടങ്ങിൽ ജോർജ് കുര്യൻ, ബെന്നി മാത്യു, സതീഷ് കുരുവിള, കോശി ഡാനിയേൽ, സക്കറിയ തോമസ്, ജോസ് സക്കറിയാ, ജെസ്സി മാത്യു, വർഗീസ് ജോൺ, തോമസ് സാമുവൽ, അനിൽ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി ഷിബു മാത്യു നന്ദിപറഞ്ഞു.














