
വാഷിംങ്ടൺ: അമേരിക്കയിൽ സർക്കാർ സർവീസിൽനിന്ന് കൂട്ടരാജിക്ക് ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നു. ചെലവു ചുരുക്കലിൻ്റെ ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കൽ പദ്ധതിപ്രകാരം ചൊവ്വാഴ്ച ഏകദേശം ഒരുലക്ഷം പേർ വിവിധ വകുപ്പുകളിൽനിന്ന് രാജിവെക്കുമെന്നാണ് വിവരം. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിക്കാണ് ഇത് വഴിയൊരുക്കുന്നത്.
സർക്കാർ ചെലവുകൾക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബിൽ പാസാക്കാൻ ഡെമോക്രാറ്റുകൾ തയ്യാറാകാത്തത് പ്രസിഡൻ്റ് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡെമോക്രാറ്റ് നേതാക്കളുമായി ട്രംപ് നിർണായക കൂടിക്കാഴ്ച തീരുമാനിച്ചതായാണ് റിപ്പോർട്ട്. ചർച്ച പരാജയപ്പെട്ടാൽ കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
2.75 ലക്ഷം പേർ രാജിവെക്കും
ട്രംപ് ഭരണകൂടത്തിൻ്റെ പദ്ധതിപ്രകാരം ആകെ 2.75 ലക്ഷം പേരാണ് രാജിവെക്കുക. തുടക്കത്തിൽ എട്ട് മാസത്തെ അവധിയിൽ വിടും. ഈ കാലയളവിൽ ശമ്പളം ലഭിക്കും.
വിരമിക്കൽ ആനുകൂല്യമായി മൊത്തം 14.8 ബില്യൺ ഡോളറിൻ്റെ (ഏകദേശം 1.30 ലക്ഷം കോടി രൂപ) ഭീമമായ ചെലവ് ട്രംപ് ഭരണകൂടത്തിന് ഉണ്ടാകുമെന്ന് ജൂലൈയിൽ പുറത്തുവിട്ട സെനറ്റ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇത്രയും പേർ രാജിവെയ്ക്കുന്നതുവഴി പ്രതിവർഷം 28 ബില്യൺ ഡോളർ (2.5 ലക്ഷം കോടി രൂപ) സർക്കാരിന് ലാഭിക്കാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേർ ഫെഡറൽ സർവീസിൽനിന്ന് പുറത്തുപോകുന്നത്. വിആർഎസ് (സ്വയം വിരമിക്കൽ പദ്ധതി) സമാനമായ ‘ഡിഫറഡ് റെസിഗ്നേഷൻ ഓഫർ’ ആണ് ട്രംപ് കൊണ്ടുവന്നത്. സമ്മർദ്ദം കാരണം ജീവനക്കാർ രാജിവെക്കാൻ നിർബന്ധിതരാകുന്നുവെന്നും, പണി പോകുന്ന കാര്യം പലരും രഹസ്യമായി വെക്കാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.















