ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപേക്ഷിച്ചവരുടെ എണ്ണം പത്തുലക്ഷത്തോളമെന്ന് കേന്ദ്രസർക്കാർ. 2022 മുതൽ പ്രതിവർഷം രണ്ട് ലക്ഷത്തിൽപ്പരം ആളുകൾ പൗരത്വം ഉപേക്ഷിച്ചതായും സമ്പന്നരും ഉയർന്ന വൈദഗ്‌ധ്യമുള്ളവരുമായ ഇന്ത്യക്കാർക്കിടയിൽ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായും കേന്ദ്രസർക്കാർ കണക്കുകൾ സഹിതം പാർലമെന്റിൽ വ്യക്തമാക്കി. കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം (MEA) ഇക്കാര്യം വ്യക്തമാക്കിയത്.
2024-ൽ 2.06 ലക്ഷം ഇന്ത്യക്കാരും 2023-ൽ 2.16 ലക്ഷം പേരും 2022-ൽ 2.25 ലക്ഷം പേരും പൗരത്വം ഉപേക്ഷിച്ചു. 2021 ൽ ഇന്ത്യ വിട്ടത് 1.63 ലക്ഷം പേരും 2020-ൽ 85,256 പേരും ആയിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് സംബന്ധമായ പ്രതിസന്ധി കാരണമാണ് 2020 ൽ എണ്ണത്തിൽ കുറവ് വന്നത്. ഇത് പത്തുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണ്. 2011 നും 2024 നും ഇടയിൽ മൊത്തം 20.6 ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു, ഇതിൽ പകുതിയോളം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണെന്നും സർക്കാർ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് വർധിച്ചു വരുന്ന ഈ പ്രവണതയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് സർക്കാർ പഠനം നടത്തിയിട്ടുണ്ടോ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പൗരത്വം ഉപേക്ഷിക്കുന്നത് തടയാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും വേണുഗോപാൽ ചോദ്യമുയർത്തി.
1 million people have renounced Indian citizenship in the last 5 years












