
വാഷിംഗ്ടണ്‍: കഴിഞ്ഞ വർഷം പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ നടന്ന റാലിയിൽ തനിക്ക് നേരെ നടന്ന വധശ്രമത്തെ അതിജീവിച്ചതിന് ഒരു വർഷം പിന്നിടുമ്പോൾ പ്രതികരണവുമായി ഡോണൾഡ് ട്രംപ്. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് രക്ഷിക്കാൻ ദൈവം തന്നെ കാത്തതാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘അന്ന് എന്നെ രക്ഷിച്ചത് ദൈവമാണ് എന്ന ദൃഢമായ ബോധ്യം എനിക്കിപ്പോഴും ഉണ്ട്, അതിന് ഒരു നീതിയുക്തമായ ലക്ഷ്യമുണ്ടായിരുന്നു. നമ്മുടെ പ്രിയപ്പെട്ട റിപ്പബ്ലിക്കിനെ മഹത്വത്തിലേക്ക് പുനഃസ്ഥാപിക്കാനും അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കാനുമാണ്’ – പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
2024 ജൂലൈ 13-ലെ വെടിവെപ്പിനെ ഒരു നിർണ്ണായക നിമിഷമായാണ് ട്രംപ് വിശേഷിപ്പിച്ചത്. രാജ്യം ഇപ്പോൾ ഒരു പുതിയ സുവർണ്ണ കാലഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നത്തെ സംഭവങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, ബട്ട്‌ലർ ഫാംസിൽ ആയിരക്കണക്കിന് പിന്തുണക്കാരെ അഭിസംബോധന ചെയ്യാൻ താൻ സ്റ്റേജിൽ കയറി എട്ട് മിനിറ്റിനുള്ളിൽ വെടിവെപ്പ് ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “ഒരു കൊലയാളിയുടെ വെടിയുണ്ട എന്‍റെ ജീവൻ അവസാനിപ്പിക്കാനും അമേരിക്കൻ മഹത്വം പുനഃസ്ഥാപിക്കാനുള്ള നമ്മുടെ പ്രസ്ഥാനത്തെ നിശബ്ദമാക്കാനും കാൽ ഇഞ്ച് അടുത്ത് വരെ എത്തിയിരുന്നു” അദ്ദേഹം പറഞ്ഞു. എന്നാൽ, ദൈവത്തിന്റെ കരം കൊണ്ടും സർവ്വശക്തനായ ദൈവത്തിന്റെ കൃപ കൊണ്ടും എന്റെ ജീവൻ രക്ഷപ്പെട്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.