
വാഷിംഗ്ടണ്‍: ബ്രാന്‍ഡഡ്, പേറ്റന്റ് ചെയ്ത മരുന്നുകളുടെ ഇറക്കുമതിക്ക് ഒക്ടോബര്‍ 1 മുതല്‍ 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ വ്യാപാരത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഈ നീക്കം സാരമായി ബാധിച്ചേക്കാമെന്നാണ് വിദഗ്ധ വിലയിരുത്തല്‍. അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്നുൽപാദനം നടത്തുന്ന കമ്പനികൾക്ക് ഈ തീരുവ ബാധകമല്ലെന്നും ട്രംപ് പറഞ്ഞു.
‘2025 ഒക്ടോബര്‍ 1 മുതല്‍, ഒരു കമ്പനി അമേരിക്കയില്‍ അവരുടെ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കുന്നില്ലെങ്കില്‍, ഏതെങ്കിലും ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് ചെയ്ത ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നത്തിന് ഞങ്ങള്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തും,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ ബജറ്റ് കമ്മി കുറയ്ക്കാന്‍ നികുതികള്‍ സഹായിക്കുമെന്ന പ്രസിഡന്റിന്റെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നീക്കം.
മരുന്നുകള്‍ക്കുപുറമെ, തന്റെ ഏറ്റവും പുതിയ തീരുവ നീക്കത്തില്‍, അടുക്കള കാബിനറ്റുകളുടെയും ബാത്ത്‌റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും, കിടക്കയും സോഫയുമടക്കമുള്ള ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും, ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
മരുന്ന് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. 2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയുടെ 27.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മരുന്ന് കയറ്റുമതിയില്‍, 31 ശതമാനം അല്ലെങ്കില്‍ 8.7 ബില്യണ്‍ ഡോളര്‍ യുഎസിലേക്കാണ് പോയതെന്ന് വ്യവസായ സ്ഥാപനമായ ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു.
മാത്രമല്ല, യുഎസില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ 45 ശതമാനത്തിലധികവും ബയോസിമിലര്‍ മരുന്നുകളുടെ 15 ശതമാനത്തിലധികവും ഇന്ത്യയാണ് വിതരണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ്, സണ്‍ ഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ അവരുടെ മൊത്തം വരുമാനത്തിന്റെ 30-50 ശതമാനം വരെ അമേരിക്കന്‍ വിപണിയില്‍ നിന്നാണ് സമ്പാദിക്കുന്നത്.
അതേസമയം, ജീവൻരക്ഷാ മരുന്നുകളായ ജനറിക് മെഡിസിനുകൾക്കും പുതിയ തീരുവ ബാധകമാണോയെന്ന് ട്രംപോ വൈറ്റ്ഹൗസോ വ്യക്തമാക്കിയിട്ടില്ല.