
അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്കും പേറ്റൻ്റ് ഉള്ള മരുന്നുകൾക്കും നാളെ (ഒക്ടോബര്‍ ഒന്നാംതീയതി) മുതല്‍ 100 ശതമാനംവരെ തീരുവ പ്രഖ്യാപിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ നടപടി ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങൾക്ക് തിരിച്ചടിയാകും. ഇന്ത്യയുടെ വിദേശ വ്യാപാര വിപണിയില്‍ , വിശേഷിച്ചും ഔഷധ മേഖലയില്‍, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന ആശങ്ക ഈ രംഗത്തുള്ളവർ പങ്കുവച്ചു കഴിഞ്ഞു.
അമേരിക്കയിലെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് പ്രമേഹം, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുതിച്ചുയരും. അമേരിക്കയിലെ ആരോഗ്യ ഇൻഷുറൻസ് മേഖലയിലും ഇതിൻ്റെ പ്രത്യാഘാതങ്ങൾ ഉണ്ടാവും.
മരുന്നുകൾ അമേരിക്കയില്‍ നിര്‍മിക്കുക അല്ലെങ്കില്‍ നികുതി നല്‍കുക ഇതാണ് ട്രംപിൻ്റെ നിലപാട്. 2024-ലെ കണക്ക് അനുസരിച്ച് 233 ബില്യണ്‍ ഡോളറിന്റെ മരുന്നുകളാണ് അമേരിക്ക വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ യുറോപ്യൻ യൂണിയൻ, ജപ്പാൻ രാജ്യങ്ങൾക്ക് 15 ശതമാനം മാത്രമാണ് തീരുവ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 2,31,570 കോടിയുടേതാണ് ഇന്ത്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള മരുന്ന് കയറ്റുമതി. ഇതില്‍ 72,625 കോടിയുടെ കയറ്റുമതിയാണ് അമേരിക്കയിലേക്ക് മാത്രം നടക്കുന്നത് എന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ എക്സ്പോര്‍ട്ട് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന കണക്ക്. ഇതിന് പുറമെ 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം 32,505 കോടി രൂപയുടെ മരുന്നുല്‍പ്പന്നങ്ങളും അമേരിക്കയിലേക്ക് കയറ്റി അയച്ചിരുന്നു. അതുകൊണ്ടു തന്നെ അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ണായക സ്ഥാനവുമുണ്ട്. അമേരിക്കയിലേക്കുള്ള ജീവന്‍രക്ഷാ മരുന്നുകളില്‍ ഉള്‍പ്പെടുന്ന 45 ശതമാനം ജനറിക് മരുന്നുകളും ഇന്ത്യയില്‍നിന്നാണ് കയറ്റി അയയ്ക്കുന്നത്.15 ശതമാനം ബയോസിമിലര്‍ മരുന്നുകളും വിതരണം ചെയ്യുന്നത് ഇന്ത്യയാണ്. ഇതുവരെ ജനറിക് – ബയോസിമിലർ മരുന്നുകൾക്ക് തീരുവ കൂട്ടയിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ലഭിക്കുന്നുവെന്നതാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. എന്നാല്‍, പുതിയ തീരുമാന പ്രകാരം നികുതി വര്‍ധിച്ചതോടെ ജനറിക് മരുന്നുകള്‍ക്കും വില വര്‍ധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മരുന്നുകള്‍ക്കുമേല്‍ നിലവില്‍ പ്രഖ്യാപിച്ചത് ചെറിയ തീരുവ മാത്രമാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇത് പിന്നീട് 150 ശതമാനത്തിലേക്കും ശേഷം 250 ശതമാനത്തിലേക്കും ഉയര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.
ബ്രാന്‍ഡഡ് പേറ്റന്റ് മരുന്നുകളെ ഉദ്ദേശിച്ചുള്ളതാണ് നിലവിലെ 100 ശതമാനം തീരുവയെങ്കിലും ജനറിക് മരുന്നുകളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ ഭാവി അപകടത്തിലാണ് എന്ന സൂചന തന്നെയാണ് പുതിയ തീരുമാനം നല്‍കുന്നത്. മരുന്ന് നിര്‍മാണം തങ്ങളുടെ രാജ്യത്തിനകത്ത് തന്നെ വേണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നത് . സങ്കീര്‍ണമായ ജനറിക്കുകള്‍, ബയോസിമിലറുകള്‍, പേറ്റന്റുള്ള ഉല്‍പ്പന്നങ്ങള്‍ എന്നീ രംഗങ്ങളിലേക്ക് കടക്കുന്ന ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് പുതിയ തീരുമാനം മാര്‍ജിന്‍ കുറയുന്നതിനും വിപണി പ്രവേശനത്തിന് തടസ്സങ്ങള്‍ നേരിടുന്നതിനും കാരണമാകുന്നു. ഇതോടെ വിപണികള്‍ വൈവിധ്യവല്‍ക്കരിക്കേണ്ടതിന്റെയും വിതരണ ശൃംഖലകളില്‍ പ്രതിരോധശേഷി സൃഷ്ടിക്കേണ്ടതിന്റെയും ആവശ്യം ഇന്ത്യ ഫാര്‍മ കമ്പനികൾക്കുണ്ട്. അത് ഉറപ്പാക്കാന്‍ സജീവമായ നയതന്ത്രം സ്വീകരിക്കേണ്ടതിന്റെയും ആവശ്യകതയുമുണ്ട്.
ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ്, സണ്‍ ഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയ സ്ഥാപനങ്ങളുടെ മൊത്തം വരുമാനത്തിന്റെ 30 മുതല്‍ 50 ശതമാനം വരെ അമേരിക്കന്‍ വിപണിയില്‍ നിന്നാണ് നേടുന്നത്. ഈ വന്‍കിട കമ്പനികള്‍ക്കാണ് ട്രംപിന്റെ നൂറ് ശതമാനം നികുതി വലിയ തിരിച്ചടിയുണ്ടാക്കുക.
ലോകത്തിന്റെ ഫാര്‍മസി എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. കാരണം ആഗോള ജനറിക് മരുന്ന് കയറ്റുമതിയുടെ 20 ശതമാനം പങ്കും വഹിക്കുന്നത് ഇന്ത്യയാണ് . മാത്രമല്ല, 60 ശതമാനത്തോളം വാക്സിനുകളും ഇന്ത്യയില്‍നിന്നാണ് പുറത്തേക്ക് പോവുന്നത്
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന റോബിട്ടിസ്, വ്യവസായിക ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെയെല്ലാം ഇറക്കുമതിയില്‍ യു.എസ് സാമ്പത്തിക വിഭാഗം നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാസ്‌കുകള്‍, കൈയുറകള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിന് പിന്നാലെയാണ് മരുന്നുല്‍പ്പന്നങ്ങള്‍ക്കും നൂറ് ശതമാനം തീരുവ ട്രംപ് ചുമത്തിയിരിക്കുന്നത്.
ട്രംപിന്റെ നികുതി പരിഷ്‌കാരം വലിയ രീതിയില്‍ അമേരിക്കയെ തന്നെ ബാധിക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കാരണം വിലകുറഞ്ഞ മരുന്ന് ഉപഭോക്താക്കളിലെത്തിക്കുന്നതില്‍ നൂറ് ശതമാനം നികുതി നിലവില്‍ വന്നാല്‍ മരുന്നുകളുടെ വിലയില്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയോളമെങ്കിലും വര്‍ധനവുണ്ടാകും. ഇത് ആശുപത്രികളുടെ മാത്രമല്ല, ജനങ്ങളുടെ സ്വാഭാവിക ആരോഗ്യ ജീവിതത്തിന് തന്നെ തിരിച്ചടിയുണ്ടാക്കുകയും ചെയ്യാം. ഉയര്‍ന്ന ചുങ്കച്ചെലവ് സഹിച്ച് മരുന്നുകള്‍ കയറ്റി അയയ്ക്കുന്നത് കമ്പനികള്‍ നിര്‍ത്തിയാല്‍ അമേരിക്കയ്ക്ക് പുതിയ മരുന്ന് വിപണിയെ ആശ്രയിക്കേണ്ടി വരും. ഇതോടെ ഇതിനെ സ്ഥിരമായി ആശ്രയിക്കുന്ന നിരവധി ജനങ്ങളുടെ ആരോഗ്യത്തെയും പുതിയ തീരുമാനം ബാധിച്ചേക്കാം. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെയോ പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങളെയോ കൂടുതലായി ആശ്രയിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് അവരുടെ വിതരണ ശൃംഖലകളെയും വിലനിര്‍ണയ തന്ത്രങ്ങളെയും കുറിച്ച് പുനര്‍വിചിന്തനം ചെയ്യേണ്ടിവരും.
കാൻസർ അല്ലെങ്കിൽ അപൂർവ രോഗങ്ങൾക്കുള്ള സ്പെഷ്യലൈസ്ഡ് മരുന്നുകൾക്ക് വില വളരെ കൂടും. ആവശ്യമുള്ള രോഗികളിലും ഇത് ആഘാതം ഗുരുതരമാക്കിയേക്കാം. സ്പെഷ്ൽറ്റി, പേറ്റന്റ് ചെയ്ത മരുന്നുകളുടെ ഉയർന്ന വില പോളിസി ഉടമകൾക്ക് കൈമാറാൻ കമ്പനികൾ ശ്രമിക്കുമെന്നതിനാൽ, യുഎസിന്റെ ആരോഗ്യ ഇൻഷുറൻസ് മേഖലയിലും ഇത് പ്രത്യാഘാതമുണ്ടാക്കാൻ സാധ്യതയുണ്ട്.
100 percent import duty on medicines from tomorrow