
ഭുവനേശ്വര്‍: മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദമ്പതിമാർ ഏറ്റെടുത്ത് വളര്‍ത്തിയ പെണ്‍കുട്ടി 13-ാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി. ഒഡീഷ, ഭുവനേശ്വര്‍ സ്വദേശിയും ഗജപതി പരലാഖേമുണ്ഡിയില്‍ താമസക്കാരിയുമായ രാജലക്ഷ്മി കര്‍(54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജലക്ഷ്മിയുടെ 13 വയസ്സുള്ള വളര്‍ത്തുമകള്‍, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് രഥ്(21) ദിനേഷ് സാഹു(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 29-ന് നടന്ന കൊലപാതകം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന രാജേശ്വരിയുടെ മരണം ഹൃദയാഘാതം കാരണമെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. ഇതിനാല്‍ തന്നെ ഏപ്രില്‍ 29-ന് മരിച്ച രാജലക്ഷ്മിയുടെ മൃതദേഹം പിറ്റേദിവസം ഭുവനേശ്വറില്‍ സംസ്‌കരിക്കുകയുംചെയ്തു.
എന്നാല്‍, മെയ് 14-ാം തീയതി രാജലക്ഷ്മിയുടെ സഹോദരന്‍ ശിബപ്രസാദ് മിശ്ര 13-കാരിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതോടെയാണ് രാജലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ചാറ്റ് പരിശോധിച്ചപ്പോള്‍ ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതിന്റെയും ആഭരണങ്ങളും പണവും സ്വന്തമാക്കുന്നത് സംബന്ധിച്ചുള്ള സംഭാഷണങ്ങളും കണ്ടെത്തി. ഇതോടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയും പൊലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ 13 വയസ്സുകാരി എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്. മൂന്നുദിവസം പ്രായമുള്ളപ്പോള്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ രാജലക്ഷ്മിയും ഭര്‍ത്താവും ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നു. മക്കളില്ലാത്ത ദമ്പതിമാര്‍ സ്വന്തം മകളായാണ് പെണ്‍കുട്ടിയെ വളര്‍ത്തിയിരുന്നത്.
ഒരുവര്‍ഷം മുമ്പ് രാജലക്ഷ്മിയുടെ ഭര്‍ത്താവ് മരിച്ചു. ഇതിനുശേഷം രാജലക്ഷ്മിയും വളര്‍ത്തുമകളും മാത്രമായിരുന്നു വീട്ടില്‍ താമസം. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ സൗകര്യാര്‍ഥമാണ് രാജലക്ഷ്മി സ്വന്തം നാടായ ഭുവനേശ്വറില്‍നിന്ന് പറലേഖെമുണ്ഡിയിലേക്ക് താമസം മാറിയിരുന്നത്. ഇവിടെ വാടകവീട്ടിലായിരുന്നു താമസം. അടുത്തിടെ പെണ്‍കുട്ടിയും കൂട്ടുപ്രതികളായ യുവാക്കളുമായുള്ള ബന്ധം രാജലക്ഷ്മി അറിയുകയും ഇതിനെ എതിര്‍ക്കുകയുംചെയ്തിരുന്നു. രണ്ട് യുവാക്കളുമായി പെണ്‍കുട്ടി അടുപ്പം പുലര്‍ത്തുന്നതില്‍ ശാസിക്കുകയുംചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും പതിവായിരുന്നു.
രാജലക്ഷ്മിയെ കൊലപ്പെടുത്തിയാല്‍ പണവും ആഭരണങ്ങളും അടക്കമുള്ള സ്വത്ത് സ്വന്തമാക്കാമെന്നും പ്രതികള്‍ കരുതിയിരുന്നു. ഗണേഷ് രഥ് ആണ് രാജലക്ഷ്മിയെ കൊല്ലാന്‍ പ്രേരണ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. രാജലക്ഷ്മിയെ കൊലപ്പെടുത്തിയാല്‍ തടസ്സങ്ങളില്ലാതെ തങ്ങളുടെ ബന്ധം തുടരാമെന്നും സ്വത്ത് ലഭിക്കുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഏപ്രില്‍ 29-ന് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം പെണ്‍കുട്ടി വളര്‍ത്തമ്മയ്ക്ക് ഉറക്കഗുളിക നല്‍കി. രാജലക്ഷ്മി ബോധരഹിതയായതോടെ ആണ്‍സുഹൃത്തുക്കളായ രണ്ടുപേരെയും പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് തലയണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാജലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു
അതിനിടെ, അറസ്റ്റിലായ 13-കാരി നേരത്തേ പലതവണകളായി രാജലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങള്‍ ആണ്‍സുഹൃത്തിന് കൈമാറിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഇത് പണയംവെച്ച് രണ്ടരലക്ഷത്തോളം രൂപ കൈക്കലാക്കുകയുംചെയ്തു. പ്രതികളില്‍നിന്ന് 30 ഗ്രാം സ്വര്‍ണവും മൂന്ന് മൊബൈല്‍ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച തലയണയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
13-year girl killed her stepmother with the help of lovers