
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്ക് സിറ്റിയിൽ 17 നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ ഒരുഭാഗം തകർന്നു വീണു. ന്യൂയോർക്കിലെ ബ്രോങ്ക്‌സിലാണ് സംഭവം. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 8:13-ഓടെയാണ് അപകടം നടന്നതെന്നാണ് വിവരം. കെട്ടിടത്തിന്‍റെ ചിമ്മിനിയോട് ചേർന്നുള്ള ഭാഗമാണ് തകർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ ഭാഗത്ത് ഒരു പൊട്ടിത്തെറി ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി വിവരമില്ല. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നവരെ ഉടൻ തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. ന്യൂയോർക്ക് അഗ്നിരക്ഷാവിഭാഗത്തിന്‍റെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനവും പരിശോധനകളും തുടരുകയാണ്. ബിബിസിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.