
ടെന്നസി: യുഎസിലെ ടെന്നസിയിലെ നാഷ്വില്ലെ സ്‌കൂളില്‍ 17 വയസ്സുകാരന്റെ വെടിയേറ്റ് 16 വയസുള്ള വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. തുടര്‍ന്ന് തോക്കുധാരിയായ വിദ്യാര്‍ത്ഥി സ്വയം വെടിവച്ചുമരിച്ചു.
ബുധനാഴ്ച ടെന്നസിയിലെ ആന്റിയോക്ക് ഹൈസ്‌കൂളിലെ കഫറ്റീരിയയ്ക്കുള്ളിലാണ് വെടിവയ്പ്പ് നടന്നത്. സോളമന്‍ ഹെന്‍ഡേഴ്സണ്‍ എന്ന വിദ്യാര്‍ത്ഥി പിസ്റ്റള്‍ ഉപയോഗിച്ച് ഒന്നിലധികം തവണ വെടിയുതിര്‍ത്തതായി നാഷ്വില്ലെ പൊലീസ് പറഞ്ഞു. ജോസെലിന്‍ കൊറിയ എസ്‌കലാന്റേ എന്ന 16 വയസ്സുകാരിയാണ് വെടിയേറ്റ് മരിച്ചത്. 17 വയസ്സുള്ള മറ്റൊരു ആണ്‍കുട്ടിയുടെ കൈയിലും വെടിയേറ്റിട്ടുണ്ട്. അക്രമത്തിനുള്ള കാരണം പൊലീസ് അന്വേഷിച്ചുവരുന്നു.
ഏകദേശം 2,000 വിദ്യാര്‍ത്ഥികളുള്ള ആന്റിയോക്ക് ഹൈസ്‌കൂള്‍ നാഷ്വില്ലെയുടെ തെക്കുകിഴക്കന്‍ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സമീപകാലത്ത് യുഎസില്‍ നടന്ന സ്‌കൂള്‍ വെടിവയ്പ്പ് പരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ അക്രമം.