
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഉണ്ടായ മിന്നൽ പ്രളയത്തിൽ കൽപ്പയിൽ കുടുങ്ങിയ 25 അംഗ സംഘത്തിൽ 18 മലയാളികളും. സ്‌പിറ്റിയിൽ നിന്ന് ഷിംലയിലേക്ക് യാത്ര ചെയ്തിരുന്ന ഈ സംഘം, റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രണ്ട് ദിവസമായി കൽപ്പയിൽ കുടുങ്ങിക്കിടക്കുകയാണ്. ആഗസ്റ്റ് 25 ന് ദില്ലിയിൽ നിന്ന് യാത്ര ആരംഭിച്ച ഈ സംഘത്തിൽ കൊച്ചിയിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പെടുന്നു. കനത്ത മഴയും മേഘവിസ്ഫോടനവും മൂലം റോഡുകൾ തകർന്നതിനാൽ യാത്ര തുടരാൻ സാധിക്കാത്ത സ്ഥിതിയാണ്. സംഘത്തിലെ ചിലർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് റിപ്പോർട്ട്.
നിലവിൽ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത കുറവാണെന്ന് കുടുങ്ങിയവർ അറിയിച്ചു. അടിയന്തരമായി ഷിംലയിലേക്ക് എത്തിക്കാൻ അധികൃതർ ഇടപെടണമെന്ന് മലയാളികൾ ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്നും കൊച്ചി സ്വദേശിയായ ജിസാൻ സാവോ വ്യക്തമാക്കി. തുടർച്ചയായ മഴയും മേഘവിസ്ഫോടനവും ഹിമാചൽ പ്രദേശിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.