
ഫ്ലോറിഡയിലെ അറ്റ്ലാന്‍റിക് ബീച്ചിൽ വിരിഞ്ഞ് വെറും മണിക്കൂറുകൾക്കുള്ളിൽ തന്നെ 23 കടലാമ കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായി. ഓഗസ്റ്റ് 21-നാണ് സംഭവം. ബീച്ചസ് സീ ടർട്ടിൽ പട്രോൾ സംഘമാണ് ആദ്യം ഇവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തെരുവുനായ ആക്രമണത്തിലാവാം ഇവ കൊല്ലപ്പെട്ടതെന്നാണ് അധികൃതർ കരുതുന്നത്. യുഎസ് ഫെഡറൽ നിയമപ്രകാരം ഫ്ലോറിഡയിൽ മുട്ടയിടുന്ന ലോഗർഹെഡ്, ഗ്രീൻ, ലെതർബാക്ക്, കാമ്പ്‌സ് റിഡ്‌ലി, ഹോക്‌സ്‌ബിൽ എന്നി അഞ്ച് കടലാമ വർഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയാണ്.
സാധാരണയായി കടലാമകളുടെ കുഞ്ഞുങ്ങളിൽ ആയിരത്തിൽ ഒന്ന് മാത്രമാണ് പ്രായപൂർത്തിയാകുന്നതെന്നും അതുകൊണ്ട് ഈ നഷ്ടം സംരക്ഷണ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണിതെന്നും വിദഗ്ധർ പറയുന്നു. ഇതുപോലെ ഏതാനും ആഴ്ചകൾക്ക് മുൻപ് ഒരു നായ പോണ്ടെ വെദ്ര ബീച്ചിൽ ആമകളുടെ മുട്ടകൾ തകർത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെന്നും അധികൃതർ പറഞ്ഞു. അതിനെ തുടർന്ന് ശേഷിച്ചിരുന്ന മുട്ടകളെ സംരക്ഷിക്കാനായി പ്രദേശത്ത് സംരക്ഷണ വലയങ്ങൾ സ്ഥാപിച്ചിരുന്നു.
നായ്ക്കളുടെ ആക്രമണം തുടർച്ചയായതോടെ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അതിനാൽ ബീച്ചിൽ നായ്ക്കളുമായി എത്തുന്നവർ നായ്ക്കളെ ഒരു കാരണ വശാലും അലക്ഷ്യമായി അലയാൻ വിടരുതെന്നും അലഞ്ഞ് നടക്കുന്ന നായ്ക്കൾ കടലാമകൾ ഉൾപ്പെടെയുള്ള ജീവികൾക്ക് വലിയ ഭീഷണി ആണെന്നും ഇത്തരം നായകളെ കണ്ടാൽ ഉടൻ അധികാരികളെ അറിയിക്കാനും ചിത്രങ്ങൾ കൈമാറാനും അധികൃതർ നിർദേശിച്ചു.