അമേരിക്കയിലെത്തിയ ഇന്ത്യക്കാരിയെ കാണാതാവുന്നതിന് മുൻപുള്ള വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

ന്യൂജേഴ്‌സി: വീട്ടുകാർ ഉറപ്പിച്ച സ്വന്തം വിവാഹത്തിനായി അമേരിക്കയിലെത്തിയ 24 കാരിയായ ഇന്ത്യൻ യുവതിയെ കാണാനില്ലെന്ന് പരാതിയിൽ കൂടുതൽ വിവരങ്ങളുമായി പൊലീസ്. 24 കാരിയായ ഇന്ത്യക്കാരിയെ കാണാതാവുന്നതിന് മുൻപുള്ള വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. വിവാഹത്തിനായി ജൂൺ 20ന് ഇന്ത്യയിൽ നിന്ന് ന്യൂജഴ്സിയിലെത്തിയ സിമ്രാൻ (24) എന്ന യുവതിയെയാണ് കാണാതെയായിരിക്കുന്നത്. ഇന്ത്യൻ യുവതിയെ കാണാനില്ലെന്ന കാര്യം ന്യൂജേഴ്‌സി അധികൃതരും സ്ഥിരീകരിച്ചു. അമേരിക്കയിൽ എത്താനുളള ശ്രമമാണോ വിവാഹത്തിന്റെ പേരിൽ യുവതി നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്. അമേരിക്കയിൽ യുവതിക്ക് ബന്ധുക്കളില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പൊലീസ് കണ്ടെത്തി.

യുവതിയെ കാണാതാകുന്നതിന് മുൻപ് ധരിച്ചിരുന്നത് ചാരനിറത്തിലുള്ള പാൻ്റും വെള്ള ടീ ഷർട്ടും കറുത്ത ഫ്ലിപ്പ് ഫ്ലോപ്പുമാണ്. വജ്രം പതിച്ച ചെറിയ കമ്മലും ഉണ്ടായിരുന്നു. 5 അടി 4 ഇഞ്ച് ഉയരം. ഏകദേശം 150 പൗണ്ട് (68 കിലോ) ഭാരം. നെറ്റിയുടെ ഇടതുവശത്ത് ചെറിയ പാടുമുള്ളതായും പൊലീസ് വ്യക്തമാക്കി. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലിൻഡൻവോൾഡ് പൊലീസ് ഡിറ്റക്ടീവ് ജോ ടോമസെറ്റിയെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ന്യൂജേഴ്സിയിൽ ജൂൺ 20ന് എത്തിയ സിമ്രാനെ അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഫോൺ പരിശോധിച്ചുകൊണ്ട് ആരെയോ കാത്തുനിൽക്കുന്ന സിമ്രാന്റെ സിസിടിവി ദൃശ്യം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിമ്രാൻ അമേരിക്കയിലെത്തിയതിന് ശേഷം പുതിയ ഫോൺ കണക്ഷൻ എടുത്തതായി വിവരം ലഭിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ബന്ധപ്പെടാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.