ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാണാൻ പോയ 24 വയസ്സുകാരൻ മരിച്ച നിലയിൽ; കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി സൂചന

ഫ്ലോറിഡ: ഫ്ലോറിഡയിലേക്ക് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാൻ പോയ അറ്റ്ലാന്റ സ്വദേശി നിക്കോളാസ് ലാമോണ്ട് ആൻഡേഴ്സൻ മരിച്ചതായി സ്‌ഥിരീകരിച്ചു. ഇക്കഴിഞ്ഞ മേയിൽ ഫ്ലെമിങ് ദ്വീപിന് സമീപമുള്ള സെന്റ് ജോൺസ് നദിയിൽ നിന്ന് കണ്ടെത്തിയ അസ്‌ഥികൂടം ആൻഡേഴ്സന്റേതാണെന്ന് (24) ക്ലേ കൗണ്ടി ഷെരീഫ് ഓഫിസ് സ്‌ഥിരീകരിച്ചു. എന്നാൽ, പൊലീസ് ഇതുവരെ ഇയാളുടെ മരണകാരണം പുറത്തുവിട്ടിട്ടില്ല. കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി സൂചന എന്നാണ് റിപ്പോർട്ടുകൾ.

ഡിറ്റക്‌ടീവുകൾ മരിച്ച വ്യക്ത‌ിയെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. കേസിൽ നിർണായക പുരോഗതിക്കോ അറസ്റ്റ‌ിനോ കാരണമാകുന്ന വിവരം പങ്കുവയ്ക്കുന്നവർക്ക് 5000 ഡോളർ പാരിതോഷികം നൽകുമെന്നും ക്ലേ കൗണ്ടി ഷെരീഫ് ഓഫിസ് (പൊലീസ്) പറഞ്ഞു. മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയ സാഹചര്യവും പൊലീസ് വിശദമായി വിശകലനം ചെയ്യും. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ഏഴു വരെ നിക്കോളാസ് നടത്തിയ യാത്രയുടെ പൂർണ്ണ വിവരങ്ങളും പൊലീസ് പരിശോധിക്കും. ഇത് സംബന്ധിച്ച ആർക്കെങ്കിലും വിവരങ്ങൾ അറിയാമെങ്കിൽ സേഫർ വാച്ച് ആപ്പിലൂടെ രഹസ്യമായി അറിയിക്കാം.

ഏപ്രിലിലാണ് ഫ്ലോറിഡയിലെ ജാക്സൺവില്ലയിലേക്ക് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പുരുഷനെ കാണാൻ നിക്കോളാസ് പോയത്. അതേസമയം, മകന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി നിക്കോളാസിന്റെ അമ്മ മേരി ആൻഡേഴ്സൺ പറഞ്ഞു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പുരുഷനെ കാണാൻ പോയ നിക്കോളാസ് തിരിച്ചുവന്നില്ലെന്നും അയാൾ കാണാൻ പോയ പുരുഷനെ അന്വേഷിച്ച് കുടുംബാംഗങ്ങൾ ചെന്നപ്പോൾ അയാളെ കാണുകയും എന്നാൽ അയാൾ പറഞ്ഞ കഥയിൽ പൊരുത്തക്കേടുകളുണ്ടായിരുന്നുവെന്നും ബന്ധുവായ മോണിക്ക ടക്കർ പറഞ്ഞു. ആദ്യം അയാൾ പറഞ്ഞത് നിക്കോളസിനെ കണ്ടില്ലെന്നാണ്. പിന്നീട് ഒരുമിച്ച് സിനിമ കാണാൻ പോയെന്ന് പറഞ്ഞു. അതുകഴിഞ്ഞ് പിന്നീട് ഒരുമിച്ച് സിഗരറ്റ് വാങ്ങാൻ പോയെന്ന് മാറ്റിപ്പറഞ്ഞു. എന്നിട്ടും അധികൃതർ അയാളെ വെറുതെ വിട്ടുവെന്നും ബന്ധു പറഞ്ഞു.

More Stories from this section

family-dental
witywide