
വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്‍റെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ഡയറക്ടർ കാഷ് പട്ടേൽ കഴിഞ്ഞ മാസം മൂന്ന് ഉന്നത എഫ്ബിഐ ഉദ്യോഗസ്ഥരെ പുറത്താക്കി. പ്രതികാര നടപടിയെന്ന് വിശേഷിപ്പിച്ച് ബുധനാഴ്ച ഫയൽ ചെയ്ത ഫെഡറൽ കേസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ട്രംപ് ഭരണകൂടം നേരിട്ട് എഫ്ബിഐയുടെ കാര്യങ്ങളിൽ ഇടപെട്ടെന്നും ഈ കേസ് ആരോപിക്കുന്നു.
പുറത്താക്കപ്പെട്ട ബ്രയാൻ ഡ്രിസ്കോളിനോട് ഡയറക്ടർ കാഷ് പട്ടേൽ സംസാരിക്കുന്നതിനിടെ, ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് “നിയമവിരുദ്ധമാണെന്ന്” തനിക്കറിയാമെന്ന് സമ്മതിച്ചതായി പരാതിയിൽ പറയുന്നു. എന്നിട്ടും തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും വൈറ്റ് ഹൗസും നീതിന്യായ വകുപ്പും ട്രംപിനെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ പുറത്താക്കാൻ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “എഫ്ബിഐ പ്രസിഡന്‍റിനെ ജയിലിലടയ്ക്കാൻ ശ്രമിച്ചു, അദ്ദേഹം അത് മറന്നിട്ടില്ല,” പട്ടേൽ ഡ്രിസ്കോളിനോട് പറഞ്ഞതായി കേസിൽ ഉദ്ധരിക്കുന്നു.
ഡ്രിസ്കോൾ, സ്റ്റീവ് ജെൻസൺ, സ്പെൻസർ ഇവാൻസ് എന്നിവരാണ് പുറത്താക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥർ. കഴിഞ്ഞ മാസം പുറത്താക്കപ്പെട്ട അഞ്ച് പേരിൽ മൂന്ന് പേരാണ് ഇവർ. ഏജൻസിയുടെ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നവരും പതിറ്റാണ്ടുകളുടെ നിയമ നിർവഹണ പരിചയവുമുള്ള ഈ ഉദ്യോഗസ്ഥരുടെ നിയമപരമായ വെല്ലുവിളി, എഫ്ബിഐയുടെ തീരുമാനങ്ങൾ പൊതു സുരക്ഷയെക്കാൾ രാഷ്ട്രീയപരമായ കാര്യങ്ങൾക്കനുസരിച്ചാണ് രൂപപ്പെടുത്തുന്നതെന്ന് വ്യക്തമാക്കുന്നു.