
ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 3 ഭീകരരിൽ ഒരാൾ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരിൽ ഉൾപ്പെട്ടയാളെന്ന് സൂചന. ഇന്ന് കൊല്ലപ്പെട്ട ആസിഫ് ഷെയ്ഖ് ബൈസരൺവാലിയിൽ എത്തി വിനോദ സഞ്ചാരികളെ വെടിയുതിർത്തവരിൽ ഒരാളാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇയാൾക്കൊപ്പം ആമിർ നിസാർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നീ രണ്ട് ജെയ്ഷെ ഭീകരരെയും സൈന്യം വധിച്ചു.
ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിലെ ത്രാൽ മേഖലയിലെ നാദർ എന്ന സ്ഥലത്ത് ആസിഫ് അടക്കമുള്ള ഭീകരർ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ പശ്ചാത്തലത്തിൽ സൈന്യം ഈ മേഖലയിൽ തിരച്ചിൽ നടത്തി. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് ഭീകരർക്കെതിരെ പോരാട്ടം നടത്തിയത്. ഓപ്പറേഷൻ ബാദറെന്നാണ് ദൗത്യത്തിന് പേര് നൽകിയത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം മൂന്ന് പേരെ വധിച്ചത്. നാദറിലെ ഒരു വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇവർ.
മെയ് 12ന് മുൻപായി ഇവർ ത്രാൽ മേഖലയിൽ എത്തിയെന്നാണ് സൈന്യത്തിന് ലഭിച്ച രഹസ്യവിവരം. പ്രദേശത്ത് കൂടുതൽ പരിശോധന തുടരുകയാണ്. കശ്മീർ സ്വദേശിയായ ആസിഫ് ഷെയ്ഖിന്റെ ത്രാലിലെ വീട് ഭീകരാക്രമണത്തിന് പിന്നാലെ പൊളിച്ചുമാറ്റിയിരുന്നു. ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.