
കെർ കൗണ്ടി: ജൂലൈ നാലിന് ടെക്സസിലെ കെർ കൗണ്ടിയിൽ ആഞ്ഞടിച്ച പ്രളയത്തിൽ കാണാതായവരിൽ മൂന്ന് പേരെ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്ന് അധികൃതർ അറിയിച്ചു. നേരത്തെ കാണാതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏകദേശം നൂറോളം പേരെ കണ്ടെത്തിയിട്ടുണ്ട്. ദുരന്തബാധിതരെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് കാണാതായവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായത്. കെർ കൗണ്ടിയിൽ മാത്രം 160-ൽ അധികം ആളുകളെ കാണാതായതായാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നത്.
“നിരവധി മണിക്കൂറുകൾ നീണ്ട ഏകോപിത തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, സൂക്ഷ്മമായ അന്വേഷണങ്ങൾ, അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഈ സമയത്തും കുടുംബങ്ങൾക്ക് വ്യക്തതയും പ്രതീക്ഷയും നൽകാനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാണ് ഈ ശ്രദ്ധേയമായ പുരോഗതിക്ക് കാരണം” കെർവിൽ സിറ്റി മാനേജർ ഡാൽട്ടൺ റൈസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
തീവ്രമായ തിരച്ചിൽ തുടരുമ്പോഴും കെർ കൗണ്ടിയിലെ മരണസംഖ്യ 107ൽ തുടരുകയാണ്. അവധി ദിവസങ്ങളിലെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ടെക്സസിൽ 135 പേരാണ് മരിച്ചത്. സാൻ അന്റോണിയോയിൽ നിന്ന് ഏകദേശം 60 മൈൽ (100 കിലോമീറ്റർ) വടക്ക് പടിഞ്ഞാറ് കെർ കൗണ്ടിയിലെ ഗ്വാഡലൂപ്പ് നദിക്ക് സമീപമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജൂലൈ നാലിന് നേരം വെളുക്കുന്നതിന് തൊട്ടുമുമ്പ്, 26 അടി (8 മീറ്റർ) ഉയരത്തിൽ ഗ്വാഡലൂപ്പ് നദിയിലെ ജലം കുതിച്ചൊഴുകി എത്തുകയായിരുന്നു.