
ന്യൂയോർക്ക്/കാലിഫോർണിയ: അമേരിക്കയിൽ രേഖകളില്ലാതെ താമസിച്ച് വാണിജ്യ വാഹനങ്ങൾ ഓടിച്ചിരുന്ന 30 ഇന്ത്യൻ പൗരന്മാരെ യുഎസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടന്ന പ്രത്യേക പരിശോധനകളിലാണ് ഇവർ പിടിയിലായത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർ വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് സമ്പാദിച്ച് വലിയ ട്രക്കുകൾ ഓടിക്കുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം കർശന നടപടി തുടങ്ങിയത്.
നവംബർ 23-നും ഡിസംബർ 12-നും ഇടയിൽ നടന്ന പരിശോധനകളിൽ മൊത്തം 49 പേരാണ് പിടിയിലായത്. ഇതിൽ 30 പേർ ഇന്ത്യക്കാരാണ്. ബാക്കിയുള്ളവർ ചൈന, എൽ സാൽവദോർ, മെക്സിക്കോ, റഷ്യ, തുർക്കി, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കാലിഫോർണിയയിലെ ഹൈവേകളിൽ അനധികൃത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ കണ്ടെത്താൻ ഡിസംബർ 10, 11 തീയതികളിൽ നടത്തിയ വൻകിട പരിശോധനയാണിത്. എൽ സെൻട്രോ സെക്ടറിലെ ഇന്ദിയോ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകിയത്.
പിടിയിലായവർ കൈവശം വെച്ചിരുന്ന ലൈസൻസുകളിൽ 31 എണ്ണം കാലിഫോർണിയയിൽ നിന്നും ബാക്കിയുള്ളവ ഫ്ലോറിഡ, ന്യൂയോർക്ക്, വാഷിംഗ്ടൺ, ഇല്ലിനോയി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും അനുവദിച്ചവയാണ്. അടുത്തിടെ അമേരിക്കയിൽ നടന്ന മാരകമായ പല ട്രക്ക് അപകടങ്ങളിലും അനധികൃതമായി ലൈസൻസ് നേടിയ കുടിയേറ്റക്കാർ ഉൾപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു ശുദ്ധീകരണ നടപടിക്ക് ഉത്തരവിട്ടത്.
അമേരിക്കയിൽ നിയമപരമായ താമസരേഖകളില്ലാത്തവർക്ക് വാണിജ്യ ലൈസൻസ് നൽകുന്ന സംസ്ഥാനങ്ങൾക്കെതിരെ ഫെഡറൽ സർക്കാർ കർശന നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരത്തിൽ ലൈസൻസ് നൽകുന്ന കാലിഫോർണിയ പോലുള്ള ‘സാങ്ച്വറി സ്റ്റേറ്റുകൾ’ അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി കുറ്റപ്പെടുത്തി. നിലവിൽ ഏകദേശം 1,90,000 അനധികൃത കുടിയേറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊളറാഡോ പോലുള്ള സംസ്ഥാനങ്ങൾ ഇതിനോട് സഹകരിക്കാത്തതിനാൽ അവരുടെ ഫെഡറൽ ഫണ്ടുകൾ തടഞ്ഞുവെക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















