വെടിനിര്‍ത്തലില്‍ ആശ്വാസം…അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കും

ന്യൂഡല്‍ഹി : ഇന്ത്യ – പാക്ക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ഉടന്‍ തുറക്കാന്‍ തീരുമാനമായി. മേയ് 15 വരെയായിരുന്നു നിയന്ത്രണം.

ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, കുളു മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്‌സല്‍മേര്‍ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടക്കമാണ് പ്രവർത്തനം താത്ക്കാലികമായി നിർത്തിയിരുന്നത്.

ഈ വിമാനത്താവളങ്ങളിലെ നിയന്ത്രണം മാറ്റിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനക്കമ്പനികളുടെ സൈറ്റുകളിലടക്കം വിമാനങ്ങളുടെ വിവരങ്ങള്‍ ഉണ്ടാകുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.