പടിഞ്ഞാറൻ അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലും പാകിസ്താൻ നാവികസേനയുടെ പട്രോൾ കപ്പലും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ ഇന്ത്യ തള്ളി. പ്രകോപനമുണ്ടാക്കിയത് ഇന്ത്യയാണെന്ന പാക് വാദം പതിവ് ന്യായീകരണവും വാസ്തവവിരുദ്ധവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സംഭവത്തിൽ പാക് നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ നേരത്തെ തന്നെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
പടിഞ്ഞാറൻ അറബിക്കടലിൽ പതിവ് നിരീക്ഷണ ദൗത്യത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ‘ഐ.എൻ.എസ് കൊൽക്കത്ത’യിലേക്ക് പാകിസ്താന്റെ ‘പി.എൻ.എസ്. ഹുനൈൻ’ ഇടിക്കുകയായിരുന്നു. അന്താരാഷ്ട്ര നാവിക മാനദണ്ഡങ്ങളും 1991-ലെ ഉഭയകക്ഷി കരാറും കാറ്റിൽപ്പറത്തി അപകടകരമായ രീതിയിൽ പാക് കപ്പൽ മുന്നോട്ട് നയിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
കൂട്ടിയിടിയിൽ ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കപ്പൽ പൂർണ്ണ സുരക്ഷിതമായി ദൗത്യം തുടർന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, അപകടമുണ്ടാക്കിയ പാക് കപ്പലായ പി.എൻ.എസ് ഹുനൈന് കനത്ത നാശനഷ്ടം സംഭവിക്കുകയും തുടർന്ന് തിരികെ തുറമുഖത്തേക്ക് മടങ്ങുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
India Rejects Pakistan’s Claims Over Naval Collision; Confirms INS Kolkata is Safe













