ഉത്തരാഖണ്ഡിൽ നിന്നും ആശ്വാസ വാർത്ത, മ‌ഞ്ഞിടിച്ചിലിൽ കുടുങ്ങിയ 32 തൊഴിലാളികളെ രക്ഷപെടുത്തി, 25 പേർക്കായി തിരച്ചിൽ; ‘മഞ്ഞുവീഴ്ച വെല്ലുവിളി’

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉണ്ടായ വൻ മഞ്ഞിടിച്ചിലിൽ കുടുങ്ങിയതിൽ 32 തൊഴിലാളികളെ രക്ഷപ്പെടുത്തി. 57 പേർ കുടുങ്ങിയതിൽ 25 പേർക്കായി തിരച്ചിൽ ശക്തമാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ സേന അടക്കമുള്ള വിവിധ സേനകൾ എത്തിയിട്ടുണ്ട്. ഇതുവരെ 32 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 25 തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരും രക്ഷാപ്രവർത്തന സംഘത്തിലുണ്ട്. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. മഞ്ഞ് നീക്കം ചെയ്താണ് ഇവരെ പുറത്തെടുക്കുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഐടിബിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മേഖലയിലെ കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. മഞ്ഞുവീഴ്ച ആശയവിനിമയവും പ്രധാന റൂട്ടുകളും തടസ്സപ്പെടുത്തിയിട്ടുണ്ട്. ബദ്രീനാഥ് ധാമിന് സമീപമാണ് ഹിമപാതം ഉണ്ടായതെന്ന് എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് എല്ലാവിദ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളും നടക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എക്സിൽ കുറിച്ചു. കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ, ഹെലികോപ്റ്റർ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന്, ചമോലി ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരി പറഞ്ഞു. കൂടാതെ, തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ അവരുടെ പക്കൽ സാറ്റലൈറ്റ് ഫോണോ മറ്റ് ഉപകരണങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide